തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്കായി കാര്യവട്ടം സ്‌പോര്‍‌ട്‌സ് ഹബ്ബ് ഒരുങ്ങി. ഇരു ടീമുകളും വൈകിട്ട് 5.45ന് തിരുവനന്തപുരത്തെത്തും. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തുന്ന താരങ്ങള്‍ക്കൊപ്പം മാച്ച് റഫറി ഡേവിഡ് ബൂണും മറ്റ് ഒഫീഷ്യല്‍സും ഉണ്ടാകും. നാളെ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്.

ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. നാളെ ജയിക്കാനായാല്‍ മൂന്ന് ടി20കളുടെ പരമ്പര ടീം ഇന്ത്യ സ്വന്തമാക്കും. കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്. സഞ്ജു സാംസണിന് തിളങ്ങാന്‍ കഴിയുന്ന പിച്ചാണ് കാര്യവട്ടത്ത് തയ്യാറാക്കിയതെന്ന് ക്യൂറേറ്റര്‍ എ എം ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്‌പോര്‍ട്സ് ഹബ്ബിൽ ഇന്ന് പരിശീലനമുണ്ടാകില്ല. താരങ്ങള്‍ക്കായുള്ള ഡ്രസിംഗ് റൂം അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു. മത്സരത്തിനായി ആകെ ഒന്‍പത് പിച്ചാണ് തയ്യാറായിട്ടുള്ളത്. ഇതില്‍ നാലാമത്തെ പിച്ചിലാകും നാളത്തെ മത്സരം. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സഞ്ജു 91 റൺസെടുത്തത് ഈ പിച്ചിലാണ്. എ ടീമുകളുടെ പരമ്പരക്ക് ശേഷം നവംബര്‍ 18 വരെ സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20ക്കും സ്‌പോര്‍ട്സ് ഹബ്ബ് വേദിയായിരുന്നു.