മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം പുരസ്കാരം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നുവെന്ന് ജഡേജ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചു.

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ രാജസ്ഥാൻ റോയൽസിന്‍റെ തകർപ്പൻ വിജയത്തിനുശേഷം മത്സരത്തിലെ താരമായി തെരഞ്ഞടുക്കപ്പട്ടത് രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍റെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ 29 പന്തില്‍ പുറത്താകാതെ 43 റണ്‍സെടുത്ത ജഡേജയാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. പിന്നീട് ബൗളിംഗില്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തതോടെയാണ് ജഡേജ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

View post on Instagram

എന്നാല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം പുരസ്കാരം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നുവെന്ന് ജഡേജ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചു. എന്നാല്‍ ജഡേജയുടെ ഭാര്യയായ റിവാബ ജഡേജയാണ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയെന്നത് ആരാധകര്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. മത്സരശേഷം മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ജഡേജ തന്‍റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. ഈ അവാർഡ് ഞാൻ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നു. ഞാൻ ഇന്ന് നന്നായി കളിക്കുമെന്ന് ഇന്നലെ അവർ എന്നോട് പറഞ്ഞിരുന്നു. ആ വാക്ക് എനിക്ക് പാലിക്കാൻ സാധിച്ചു എന്നായിരുന്നു ജഡേജയുടെ വാക്കുകള്‍.

View post on Instagram

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന്‍റെ മന്ത്രിസഭയിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് റിവാബ ജഡേജ. 2022-ലെ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച റിവാബയുടെ രാഷ്ട്രീയ ജീവിതത്തിന് വലിയ പിന്തുണയാണ് ജഡേജ നൽകി വരുന്നത്. ലക്നൗ ഏക്നാ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 40 റണ്‍സിനാണ് രാജസ്ഥാന്‍ ലക്നൗവിനെ പരാജയപ്പെടുത്തിയത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്‍റ്സിന് 18 ഓവറിൽ 119 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ പോയിന്‍റ് പട്ടികയിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ലക്നൗ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക