മുഷ്താഖ് അലിയില്‍ മാത്രമല്ല വിജയ് ഹസാരെയിലും സഞ്ജുപ്പട പാടുപെടും! കേരളത്തിന്റെ മത്സരക്രമം അറിയാം
ഇനി കേരളത്തിന്റെ പ്രതീക്ഷ വിജയ് ഹസാരെ ട്രോഫിയിലാണ്. ഡിസംബര്‍ 23നാണ് വിജയ് ഹസാരെ ആരംഭിക്കുന്നത്.
മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നന്നായി തുടങ്ങിയെങ്കിലും കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവേണ്ടി വന്നു. ഗ്രൂപ്പ് ഇയില്‍ ആറ് മത്സരങ്ങളില്‍ 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം പോരാട്ടം അവസാനിപ്പിച്ചത്. ഗ്രൂപ്പ് ചാംപ്യന്മാരായ മുംബൈ നേരിട്ട് ക്വാര്‍ട്ടറിലേക്കും രണ്ടാം സ്ഥാനക്കാരായ ആന്ധ്ര പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തി. ഗ്രൂപ്പില്‍ മഹാരാഷ്ട്രയോടും ആന്ധ്രയോടും തോറ്റതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതില്‍ മഹാരാഷ്ട്രയോടുള്ള മത്സരം കേരളത്തിന് ജയിക്കാവുന്നതായിരുന്നു.
ഇനി കേരളത്തിന്റെ പ്രതീക്ഷ വിജയ് ഹസാരെ ട്രോഫിയിലാണ്. ഡിസംബര്‍ 23നാണ് വിജയ് ഹസാരെ ആരംഭിക്കുന്നത്. ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഷ്താഖ് അലി കളിച്ച ടീമില്‍ നിന്ന് നേരിയ മാറ്റങ്ങളോടെ ആയിരിക്കും കേരളം വിജയ് ഹസാരെയില്‍ ഇറങ്ങുക. സഞ്ജു സാംസണ്‍ തന്നായായിരിക്കും നായകന്‍. മുഷ്താഖ് അലിയിലും കേരളത്തെ നയിച്ചത് സഞ്ജുവായിരുന്നു. ഇന്ത്യ ഇനി ജനുവരിയില്‍ മാത്രമാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുക. അന്ന് ഇംഗ്ലണ്ട് മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി20ക്കുമായി ഇന്ത്യയിലെത്തും.
പാകിസ്ഥാനെ അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍! അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍
വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ഇയിലാണ് കളിക്കുന്നത്. ബറോഡ, ബംഗാള്‍, ദില്ലി, മധ്യ പ്രദേശ് തുടങ്ങിയ ശക്തരെ കേരളത്തിന് നേരിടേണ്ടതുണ്ട്. ത്രിപുര, ബിഹാര്‍ എന്നിവര്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ഡിസംബര്‍ 23ന് കേരളം ബറോഡയെ നേരിടും. 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 28ന് ദില്ലിക്കെതിരേയും കളിക്കും. 31ന് ബംഗാളിനേയും കേരളം നേരിടും. ജനുവരി മൂന്നിന് ത്രിപുരയോടും കേരളം കളിക്കും. ജനുവരി അഞ്ചിന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.
അതേസമയം, രഞ്ജി ട്രോഫിക്ക് താല്‍കാലിക ഇടവേള നല്‍കിയിരിക്കുകയാണ്. ഗ്രൂപ്പ് സിയില്‍ മത്സരിക്കുന്ന കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ 18 പോയിന്റാണ് കേരളത്തിന്. ജനുവരി 23ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റ അടുത്ത മത്സരം. 30ന് ബിഹാറിനേയും നേരിടും.