അവസാന മൂന്നോവറില്‍ 50 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ധരംശാല: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. 33 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയുടെ ഇന്നിംഗ്സാണ് മുംബൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 10 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന വില്‍ ജാക്സും 23 പന്തില്‍ 48 റണ്‍സടിച്ച റിയാന്‍ റിക്കിള്‍ടണും മുംബൈ ജയത്തില്‍ നിര്‍ണായക സംഭാവന നൽകി.

Add Asianetnews as a Preferred SourcegooglePreferred

അവസാന മൂന്നോവറില്‍ 50 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സേവിയര്‍ ബാർട്‌ലെറ്റ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ വില്‍ ജാക്സ് സിക്സ് പറത്തിയപ്പോള്‍ നാലും അഞ്ചും പന്തുകള്‍ സിക്സിന് തൂക്കി തിലക് മുംബൈയെ ജയത്തിലെത്തിച്ചു. ആദ്യ ആറ് മത്സരങ്ങള്‍ ജയിച്ചശേഷം പഞ്ചാബ് തുടര്‍ച്ചയായി വഴങ്ങുന്ന അഞ്ചാം തോല്‍വിയാണിത്. തോറ്റെങ്കിലും 13 പോയിന്‍റുള്ള പഞ്ചാബ് തന്നെയാണ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായ മുംബൈ 12 കളികളില്‍ 8 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. സ്കോര്‍ പ‍ഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 200-8, മുംബൈ ഇന്ത്യൻസ് 19.5 ഓവറില്‍ 205-4.

Scroll to load tweet…

റിക്കിള്‍ട്ടൺ വെടിക്കെട്ട്, തിലകിന്‍റെ ഫിനിഷിംഗ്

201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്കായി റിയാന്‍ റിക്കിൾട്ടണും രോഹിത് ശര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. രോഹിത്തിനെ കാഴ്ചക്കാരനാക്കി തകര്‍ത്തടിച്ച റിയാൻ റിക്കിള്‍ട്ടണായിരുന്നു മുംബൈയുടെ പ്രധാന സ്കോറര്‍. റിക്കിള്‍ടണ്‍ അടിച്ചു തകര്‍ത്തടെ മുംബൈ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാല അസ്മത്തുള്ള ഒമര്‍സായി റിക്കിള്‍ട്ടണെ(23 പന്തില്‍ 48) പുറത്താക്കിതോടെ മുംബൈയുടെ സ്കോറിംഗിന് ബ്രേക്ക് വീണു. 

Scroll to load tweet…

ഒമര്‍സായിയെ സിക്സ് അടിച്ചു തുടങ്ങിയ നമാൻ ധിറിന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. മാര്‍ക്കാ യാന‍സന്‍റെ പന്തില്‍ അര്‍ഷ്‌ദീപ് സിംഗ് നമാന്‍ ധിറിനെ(6 പന്തില്‍ 9) മടക്കി. പിന്നാലെ യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്തില്‍(26 പന്തില്‍ 25) ബൗള്‍ഡായതോടെ മുംബൈ പതറി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഷെറഫഫൈന്‍ റൂഥര്‍ഫോര്‍ഡും തിലക് വർമയും ചേര്‍ന്ന് മുംബൈയെ 100 കടത്തി. തകര്‍ത്തടിക്കാനാവാതിരുന്ന റൂഥര്‍ഫോര്‍ഡ് ഇടറിയപ്പോള്‍ തിലക് വര്‍മയാണ മുംബൈയുടെ സ്കോറിഗ് ചുമതല ഏറ്റെടുത്തത്.11.2 ഓവറില്‍ മുംബൈ 100 കടന്നു. 15 ഓവറില്‍ 129-3 ൽ എത്തിയ മുംബൈ ലക്ഷ്യത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിനാറാം ഓവറില്‍ 20 റണ്‍സടിച്ച തിലകും റൂഥര്‍ഫോര്‍ഡും ചേര്‍ന്ന് മുംബൈക്ക് വീണ്ടും പ്രതീക്ഷ നല്‍കി. 

Scroll to load tweet…

പതിനേഴാം ഓവറില്‍ അസ്മത്തുള്ള ഒമര്‍സായി റൂഥര്‍ഫോര്‍ഡിനെ(20 പന്തില്‍ 20) മടക്കി രണ്ട് റൺസ് മാത്രം വഴങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷ തെറ്റി. ഇതോടെ അവസാന മൂന്നോവറില്‍ ലക്ഷ്യം 50 റണ്‍സായി. എന്നാല്‍ മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ വില്‍ ജാക്സും തിലക് വര്‍മയും ചേര്‍ന്ന് 22 റണ്‍സ് അടിച്ചെടുത്ത് മുംബൈയെ വീണ്ടും ട്രാക്കിലാക്കി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സ് കൂടി നേടിയതോടെ അവസാന ഓവറില്‍ മുംബൈയുടെ ലക്ഷ്യം 15 റണ്‍സായി. സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് തൂക്കി വില്‍ ജാക്സ് നിര്‍ണായക മുന്‍തൂക്കം നേടി. അടുത്ത പന്തില്‍ ജാക്സ് സിംഗിളെടുത്തു. മൂന്നാം പന്തില്‍ തിലകിന് റണ്ണെടുക്കാനായില്ല. ഇതോടെ ലക്ഷ്യം 3 പന്തില്‍ 8 റണ്‍സായി. എന്നാല്‍ നാലാം പന്ത് സിക്സിന് തൂക്കിയ തിലക് അഞ്ചാം പന്തും സിക്സ് പറത്തി സീസണില്‍ മുംബൈയുടെ നാലാം ജയം കുറിച്ചു. 33 പന്തില്‍ 75 റണ്‍സെടുത്ത തിലക് ആറ് ഫോറും ആറ് സിക്സും പറത്തി. വില്‍ ജാക്സ് 10 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്. 32 പന്തില്‍ 57 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. അസ്മതുള്ള ഒമര്‍സായി17 പന്തില്‍ 38 റണ്‍സടിച്ചപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റ് 7 പന്തില്‍ 18ഉം ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദ് 8 പന്തില്‍ 15 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ 39 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക