Asianet News MalayalamAsianet News Malayalam

ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു; അയര്‍ലന്‍ഡ് പേസര്‍ക്ക് റെക്കോര്‍ഡ്

അഞ്ച് വിക്കറ്റ് നേട്ടവുമായി പേസര്‍ ടിം മുര്‍ത്താഗ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ തളയ്‌ക്കുകയായിരുന്നു

Tim Murtagh first Ireland player Test five wicket haul
Author
Lord's Cricket Ground, First Published Jul 24, 2019, 5:43 PM IST

ലോര്‍ഡ്‌സ്: വെള്ളക്കുപ്പായത്തിലെ പരമ്പരാഗത ശക്തികള്‍ എന്ന വിളിപ്പേരുള്ള ഇംഗ്ലണ്ടിന് അത്ര നല്ല ദിനമായിരുന്നില്ല ലോര്‍ഡ്‌സില്‍. ഏകദിന ലോകകപ്പ് നേട്ടവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അയര്‍ലന്‍ഡ് അത്ഭുത പ്രകടനവുമായി എറിഞ്ഞൊതുക്കി. അഞ്ച് വിക്കറ്റ് നേട്ടവുമായി പേസര്‍ ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ തളയ്‌ക്കുന്നതിന് നേതൃത്വം നല്‍കിയത്. 

മുര്‍ത്താഗിന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മറ്റൊരു പ്രധാന്യം കൂടിയുണ്ട്. ആദ്യമായാണ് ടെസ്റ്റില്‍ ഒരു അയര്‍ലന്‍ഡ് താരം അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്നത്. ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് ഇംഗ്ലണ്ട് ബാറ്റ്സ്‌മാന്‍മാരെ പവലിയനിലേക്ക് മടക്കിയത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ജേസന്‍ റോയ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്‌സ്, മൊയിന്‍ അലി എന്നിവരാണ് മുര്‍ത്താഗിന് മുന്നില്‍ കീഴടങ്ങിയത്. 

മുര്‍ത്താഗ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്തായി. 23 റണ്‍സെടുത്ത ജോണ്‍ ഡെന്‍ലിയാണ് ടോപ് സ്‌കോറര്‍. ഓലി സ്റ്റോണ്‍(19), സാം കറന്‍(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios