ഹെഡിംഗ്‌ലി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ തുടക്കമാകാനിരിക്കെ ഓസ്ട്രേലിയക്ക് ഏറ്റവും വലിയ ഭീഷണി ആരെന്ന് വെളിപ്പെടുത്തി നായകന്‍ ടിം പെയ്ന്‍. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ എങ്ങനെ പുറത്താക്കുമെന്നാലോചിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഉറക്കം നഷ്ടമായെന്ന് പെയ്ന്‍ പറഞ്ഞു.

ബെന്‍ സ്റ്റോക്സ് ക്ലാസ് കളിക്കാരനാണ്. ഹെഡിംഗ്‌ലിയിലെ ഇന്നിംഗ്സിനുശേഷം സ്റ്റോക്സ് ആത്മവിശ്വാസത്തിന്റെ നെറുകയിലായിരിക്കും. സ്റ്റോക്സിനെതിരെ ഞങ്ങള്‍ക്ക് ചില പദ്ധതികളൊക്കെയുണ്ട്. അത് കൃത്യമായി നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ടെസ്റ്റില്‍ നേഥന്‍ ലിയോണ്‍ സ്റ്റോക്സിനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.

 ലിയോണിന്റെ ബൗളിംഗില്‍ കഴിഞ്ഞ ടെസ്റ്റില്‍ സ്റ്റോക്സ് നല്‍കിയ അവസരങ്ങള്‍ നഷ്ടമാക്കിയതാണ് ഞങ്ങള്‍ക്ക് തിരിച്ചടിയായത്. പേസ് ബൗളര്‍മാര്‍ കൂടി മികവിലേക്ക് ഉയര്‍ന്നാല്‍ സ്റ്റോക്സിനെ തളയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. ബെന്‍ സ്റ്റോക്സ് കാരണം ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു പെയ്നിന്റെ മറുപടി.