ഇന്ത്യ-ഓസ്ട്രേലിയ പരമ്പരക്കിടെ ടിം പെയ്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തും തമ്മില്‍ വാക്പോരില്‍ ഏര്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
സിഡ്നി: ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ടിം പെയ്ന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയയും ക്വീന്‍സ്‌ലാന്‍ഡും തമ്മില്‍ നടന്ന മത്സരം സമനിലയായശേഷമായിരുന്നു ടാസ്മാനിയ താരമായ പെയ്നിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. മത്സരത്തിന്‍റെ നാലാം ദിനം പെയ്നിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടാസ്മാനിയ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരവേറ്റത്. ടാസ്മാനിയയുെ ആദ്യ ഇന്നിംഗ്സില്‍ 62 പന്തില്‍ പെയ്ന്‍ 42 റണ്‍സടിച്ചിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 2005ലാണ് ടിം പെയ്ന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ടാസ്മാനിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പുറത്താകലുകള്‍(295) നടത്തിയ വിക്കറ്റ് കീപ്പറാണ് ടിം പെയ്ന്‍. സ്റ്റീവ് സ്മിത്തിന് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നായകസ്ഥാനം നഷ്ടമായപ്പോഴാണ് പെയ്ന്‍ ഓസ്ട്രേലിയയുടെ നായകനായത്. മൂന്ന് വര്‍ത്തോളം ഓസ്ട്രേലിയയെ നയിച്ച പെയ്ന്‍ 2021ലെ ആഷസ് പരമ്പരക്ക് തൊട്ടുമുമ്പാണ് നായകസ്ഥാനം ഒഴിഞ്ഞത്. റസപ്ഷണിസ്റ്റിന് അശ്ലീല സന്ദേശം അയച്ചുവെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു പെയ്നിന് നായകസ്ഥാനം രാജിവെക്കേണ്ടിവന്നത്.
ബിഗ് ബാഷ് ഐപിഎല്ലിനേക്കാള്‍ മികച്ചതെന്ന് ബാബര്‍ അസം; ട്രോളി ഹര്‍ഭജന്‍ സിംഗ്
ഓസ്ട്രേലിയക്കായി 35 ടെസ്റ്റുകളില്‍ കളിച്ച പെയ്ന്‍ 23 ടെസ്റ്റുകളില്‍ നായകനായിരുന്നു. 2018-2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചപ്പോഴും 2020-21ല്‍ വീണ്ടും പരമ്പര ജയം ആവര്‍ത്തിച്ചപ്പോഴും പെയ്ന്‍ ആയിരുന്നു ഓസ്ട്രേലിയന്‍ നായകന്‍. ഇന്ത്യക്കെതിരായ പരമ്പര തോറ്റെങ്കിലും 23 ടെസ്റ്റുകളില്‍ ഓസീസിനെ നയിച്ച പെയ്ന്‍ 11 ജയം സ്വന്തമാക്കി. എട്ടെണ്ണത്തില്‍ തോറ്റു. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരക്കിടെ ടിം പെയ്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തും തമ്മില്‍ വാക്പോരില്‍ ഏര്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
35 ടെസ്റ്റില്‍ 1535 റണ്‍സടിച്ച പെയ്ന്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടി. 92 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഓസീസിനായി 35 ഏകദിനങ്ങളിലും കളിച്ച പെയ്ന്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 890 റണ്‍സടിച്ചു. 12 ടി20 മത്സരങ്ങളില്‍ നിന്ന് 82 റണ്‍സും നേടി.
