സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്കായി അരങ്ങേറിയ വില്‍ പുക്കോവ്സ്ക്കി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതിന് പിന്നാലെ ആ രഹസ്യം വെളിപ്പെടുത്തി ഓസീസ് നായകന്‍ ടിം പെയ്ന്‍. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ആരാകും ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷയിലായിരുന്നു ഇത്രയും ദിവസം ക്രിക്കറ്റ് ലോകം.

എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പെ സിഡ്നി ടെസ്റ്റില്‍ പുക്കോവ്സ്കി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന കാര്യം യുവതാരത്തോട് താന്‍ വെളിപ്പെടുത്തിയിരുന്നതായി ടിം പെയ്ന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം രഹസ്യമായി വെക്കണമെന്ന് പുക്കോവ്സ്കിയോട് അന്നുതന്നെ നിര്‍ദേശിച്ചിരുന്നുവെന്നും പെയ്ന്‍ വ്യക്തമാക്കി.

ഏതാനും ദിവസം മുമ്പ് പുക്കോവ്സ്കി എന്‍റെ മുറിയില്‍  ഒന്ന് രണ്ട് ദിവസമുണ്ടായിരുന്നു. അന്ന് വില്‍ ആകാംക്ഷ അടക്കാനാവാതെ എന്നോട് ചോദിച്ചു, സിഡ്നി ടെസ്റ്റില്‍ തനിക്ക് അവസരം ലഭിക്കുമോ എന്ന്. അവനോട് നുണ പറയാന്‍ എനിക്ക് തോന്നിയില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു, സിഡ്നി ടെസ്റ്റില്‍ നീ കളിക്കും, പക്ഷെ ഇപ്പോള്‍ ഇക്കാര്യം രഹസ്യമായിവെക്കണമെന്ന്. ഇതെന്‍റെ കുറ്റസമ്മതമായി കണക്കാക്കിയാല്‍ മതിയെന്നും പെയ്ന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ ടെസ്റ്റ് അരങ്ങേറ്റംകുറിച്ച പുക്കോവ്സ്കി 62 റണ്‍സുമായി തിളങ്ങിയിരുന്നു. ഡേവിഡ് വാര്‍ണര്‍ തുടക്കത്തിലെ മടങ്ങിയശേഷം പുക്കോവ്സ്കിയും ലാബുഷെയ്നും ചേര്‍ന്നാണ്     ഒസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. അര്‍ധസെഞ്ചുറി നേടുന്നതിനിടെ പുക്കോവ്സ്കി നല്‍കിയ രണ്ട് അവസരങ്ങള്‍ റിഷഭ് പന്ത് നഷ്ടമാക്കുകയും ചെയ്തു.