മെല്‍ബണ്‍: വിക്കറ്റിന് പിന്നില്‍ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന‌ിന്റെ വാചക കസര്‍ത്ത് തുടരുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറാണ് പെയ്നിന്റെ വാചകമടിക്ക് ഇരയായത്. ന്യൂസിലന്‍ഡ് ഇന്നിംഗ്സിന്റെ പതിനാലാം ഓവറില്‍ ജെയിംസ് പാറ്റിന്‍സണിന്റെ പന്തില്‍ ടെയ്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ടായെന്ന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വിളിച്ചെങ്കിലും റിവ്യൂവിലൂടെ ടെയ്‌ലര്‍ രക്ഷപ്പെട്ടു.

ഇതിനുശേഷമായിരുന്നു പെയ്നിന്റെ രസകരമായ കമന്റ് എത്തിയത്. രണ്ട് തവണ ടെയ്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതാണ്. എന്നാല്‍ ഔട്ടായില്ല. രണ്ട് തവണയും പന്ത് വിക്കറ്റില്‍ കൊള്ളുമെന്നുറപ്പുണ്ടായിരുന്നു. ലോറിക്ക് കട്ടവെക്കാന്‍ അല്ലെങ്കില്‍ ഇയാള്‍ മിടുക്കനാണ് എന്നായിരുന്നു പെയ്നിന്റെ കമന്റ്.

ആദ്യദിനം 257-4 എന്ന സ്കോറില്‍ കളി അവസാനിപ്പിച്ച ഓസീസ് രണ്ടാം ദിനം ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 114 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡും 79 റണ്‍സടിച്ച ടിം പെയ്നും ചേര്‍ന്നാണ് ഓസീസിനെ രണ്ടാം ദിനം തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലാണ്. ഒമ്പത് റണ്ണുമായി ടോം ലാഥവും രണ്ട് റണ്ണോടെ റോസ് ടെയ്‌ലറും ക്രീസില്‍. ബ്ലണ്ടലിന്റെയും(15), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും(9) വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.