ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ ജസ്പ്രിത് ബുംറയേക്കാൾ വലിയ ഭീഷണി ഉയർത്തുക മുഹമ്മദ് സിറാജ് ആയിരിക്കുമെന്ന് മുൻ കിവീസ് താരം ടിം സൗത്തി. ന്യൂസിലൻഡ് സാഹചര്യങ്ങളിൽ സിറാജിന്റെ ബൗളിംഗ് ശൈലി കൂടുതൽ അപകടകാരിയാകുമെന്നാണ് സൗത്തിയുടെ വിലയിരുത്തൽ.

വെല്ലിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിന് വെല്ലുവിളിയാവുക മുഹമ്മദ് സിറാജ് ആയിരിക്കുമെന്ന് മുന്‍ താരം മുന്‍ പേസര്‍ ടിം സൗത്തി. ജസ്പ്രിത് ബുംറയേക്കാള്‍ കൂടുതല്‍ ഭീഷണി ഉയര്‍ത്താന്‍ സിറാജിന് സാധിക്കുമെന്നും സൗത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ നേരിടാനുള്ള വഴി തങ്ങള്‍ക്ക് അറിയാമെന്നും സൗത്തി ചൂണ്ടിക്കാട്ടി. ന്യൂസിലന്‍ഡിനെതിരെ കളിച്ച അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 92.8 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് വിക്കറ്റുകള്‍ മാത്രമാണ് ബുംറയ്ക്ക് നേടാനായത്.

കൂടാതെ ബുംറ ടീമിലുണ്ടായിരുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. സൗത്തിയുടെ വാക്കുകള്‍... ''ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയെ വളരെ മികച്ച രീതിയിലാണ് ന്യൂസിലന്‍ഡ് നേരിട്ടിട്ടുള്ളതെന്ന് ഞാന്‍ കരുതുന്നു. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ഒരു ഇന്ത്യന്‍ ടീമില്‍ ബുംറ കളിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ ടെസ്റ്റില്‍ അദ്ദേഹത്തെ വളരെ മികച്ച രീതിയിലാണ് ന്യൂസിലന്‍ഡ് നേരിടുന്നത്.'' സൗത്തി പറഞ്ഞു. ന്യൂസിലന്‍ഡിലെ സാഹചര്യങ്ങളില്‍ കൃത്യമായ ലെങ്തില്‍ പന്തെറിയാന്‍ കഴിഞ്ഞാല്‍ സിറാജ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന് സൗത്തി വിശ്വസിക്കുന്നു.

2020-21 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച ശേഷം 48 മത്സരങ്ങളില്‍ നിന്നായി 144 വിക്കറ്റുകള്‍ സിറാജ് വീഴ്ത്തിയിട്ടുണ്ട്. ''മുഹമ്മദ് സിറാജിന്റെയും അദ്ദേഹത്തിന്റെ ബൗളിംഗ് ശൈലിയുടെയും വലിയൊരു ആരാധകനാണ് ഞാന്‍. ന്യൂസിലന്‍ഡില്‍ കൃത്യമായ ലെങ്ത് കണ്ടെത്താന്‍ സാധിച്ചാല്‍ അദ്ദേഹം വലിയ ഭീഷണിയാകും. അദ്ദേഹം കൊണ്ടുവരുന്ന ഊര്‍ജ്ജം, ദിവസം മുഴുവന്‍ പന്തെറിയുന്ന രീതി, അദ്ദേഹത്തിന്റെ ബൗളിംഗ് ശൈലി ന്യൂസിലന്‍ഡ് സാഹചര്യങ്ങളില്‍ വലിയ വിജയമാകും.'' സൗത്തി പറഞ്ഞു.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നവംബര്‍ 19ന് വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് നവംബര്‍ 27 മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും. 2020 ഫെബ്രുവരിയില്‍ നടന്ന മുന്‍ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ 2-0 ന് പരമ്പര തോറ്റിരുന്നു. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനും ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനുമായിരുന്നു ആതിഥേയരുടെ വിജയം. ഇതിന് തിരിച്ചടി നല്‍കാനായിരിക്കും ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്.

YouTube video player