നിലവില്‍ പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ചേതേശ്വര്‍ പൂജാര ടെസ്റ്റില്‍ സ്ഥിരം വൈസ് ക്യാപ്റ്റനായേക്കും

ബെംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള കൂടിയാലോചനകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ് തുടങ്ങിക്കഴിഞ്ഞു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്‌മണും മറ്റ് സഹ പരിശീലകരും ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് സമീപകാലത്ത് മോശം ഫോം തുടരുന്നതാണ് ഇവര്‍ക്ക് മുന്നിലുള്ള ഒരു ചര്‍ച്ചാ വിഷയം. ഫൈനലിന് മുമ്പ് താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റും പരിശീലവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയിലുണ്ടാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. 

നിലവില്‍ പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ചേതേശ്വര്‍ പൂജാര ടെസ്റ്റില്‍ സ്ഥിരം വൈസ് ക്യാപ്റ്റനായേക്കും. ജസ്‌പ്രീത് ബുമ്രയും റിഷഭ് പന്തും ടീമിലില്ലാത്തതും അജിങ്ക്യ രഹാനെ ഒരു വര്‍ഷത്തിലേറെയായി ടെസ്റ്റ് കളിക്കാത്തതുമാണ് വൈസ് ക്യാപ്റ്റന്‍സി പൂജാരയിലേക്ക് എത്താനുള്ള കാരണം. ഐപിഎല്ലില്‍ കളിക്കാത്ത പൂജാര നിലവില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. 'പൂജാരയായിരിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയുടെ ഉപനായകന്‍, ആ സ്ഥാനത്ത് അദേഹം തുടരും' എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ‍് സ്പോര്‍ടിനോട് പറഞ്ഞു. 

വ്യത്യസ്ത ഫോര്‍മാറ്റെങ്കിലും ഐപിഎല്ലിലും മോശം ഫോം തുടരുന്നതിനാല്‍ സൂര്യകുമാര്‍ യാദവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നൊരു ചോദ്യം ടീം മാനേജ്‌മെന്‍റിനും സെലക്ടര്‍മാര്‍ക്കും മുന്നിലുണ്ട്. ഫോമില്ലായ്‌മ മാത്രമല്ല, ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ച് പരിചയമില്ല എന്നതും സ്‌കൈക്ക് പ്രതികൂലമാണ്. മധ്യനിര താരം ശ്രേയസ് അയ്യര്‍ പരിക്കിന്‍റെ പിടിയിലായതിനാല്‍ അജിങ്ക്യ രഹാനെയെ ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഹനുമ വിഹാരിയേയും ടീമിലേക്കും പരിഗണിച്ചേക്കും. ടീം ഇന്ത്യക്കായി 16 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിഹാരി 839 റണ്‍സ് നേടിയിട്ടുണ്ട്. 

അവസാന ആറ് ഇന്നിംഗ്‌സുകളില്‍ നാല് ഗോള്‍ഡന്‍ ഡക്കുകളാണ് സ്‌കൈയുടെ സമ്പാദ്യം. അവസാന ആറ് ഇന്നിംഗ്‌സില്‍ 15 ആണ് സൂര്യകുമാറിന്‍റെ ഉയര്‍ന്ന സ്കോര്‍. ഓസീസിനെതിരെ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരത്തിലും പൂജ്യത്തില്‍ പുറത്തായ താരം ഐപിഎല്ലിലും മോശം ഫോം തുടരുകയാണ്. 15, 1, 0 എന്നിങ്ങനെയാണ് ഇത്തവണ ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന്‍റെ സ്കോര്‍. കെ എല്‍ രാഹുല്‍ മധ്യനിര ബാറ്ററായി തുടരും എന്നുറപ്പാണ്. 

'ആരൊക്കെയാണ് ടീമിലെടുക്കേണ്ടത് എന്നത് സെലക്ടര്‍മാരുടെ ചുമതലയാണ്. 15 താരങ്ങളെയും രണ്ട് റിസര്‍വ് താരങ്ങളേയുമാണ് ഇംഗ്ലണ്ടിലേക്ക് അയക്കാനാവുക. അതിനാല്‍ അധികം ഒഴിവുകള്‍ ടീമിലുണ്ടാവില്ല. മായങ്ക് അഗര്‍വാളും സര്‍ഫറാസ് ഖാനും മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുള്ളവരാണ്. രഹാനെയും കാര്യം സെലക്‌ടര്‍മാര്‍ തീരുമാനിക്കും. ആര്‍ക്ക് മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ല' എന്നും ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിനെ മെയ് ഏഴിന് മുമ്പാണ് പ്രഖ്യാപിക്കേണ്ടത്. 22-ാം തിയതി വരെ സ്‌ക്വാഡില്‍ മാറ്റം വരുത്താം. ജൂണ്‍ ഏഴ് മുതല്‍ ഓവലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് കലാശപ്പോരാട്ടം. 

ചെപ്പോക്കില്‍ ആശങ്കപ്പെടാന്‍ ഏറെയുണ്ട് സഞ്ജുവിന്‍റെ റോയല്‍സിന്; കണക്കിലെ കാര്യങ്ങള്‍ അത്ര പന്തിയല്ല