നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഓപ്പണറായും എല്ലാം ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ള രാഹുലിനെ ഡഗ് ഔട്ടിലിരുത്തി അക്സറിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനമായിരുന്നു. മഴ പലവട്ടം തടസപ്പെടുത്തിയ മത്സരത്തില്‍ 25 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് അക്സര്‍ പട്ടേല്‍-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടായിരുന്നു. എന്നാല്‍ ശഭ്മാന്‍ ഗില്‍ പുറത്തായപ്പോള്‍ അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിന് പകരം അക്സര്‍ പട്ടേലിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ആന മണ്ടത്തരമായിരുന്നുവെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.
അക്സറിനെ രാഹുലിന് പകരം അഞ്ചാം നമ്പറിലിറക്കിയതിനെ ആന മണ്ടത്തരമെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഓപ്പണറായും എല്ലാം ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ള രാഹുലിനെ ഡഗ് ഔട്ടിലിരുത്തി അക്സറിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അക്സര്‍ മികച്ച കളിക്കാരനാണ്. പക്ഷെ പെര്‍ത്തിലെ ബൗൺസുള്ള പിച്ചില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി പതറി നില്‍ക്കുമ്പോള്‍ രാഹുലിനെ പോലൊരു ക്ലാസ് ബാറ്റററെയാണ് ക്രീസിലേക്ക് വിടേണ്ടത് എന്നത് സാമാന്യ യുക്തിയാണ്. ആ സ്ഥാനത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ചൊരു ബാറ്റര്‍ ഇരിക്കുമ്പോഴാണ് ഇന്ത്യ അക്സറിനെ പ്രമോട്ട് ചെയ്തത്. അക്സര്‍ പിടിച്ചു നിന്നുവെന്നത് ശരിയാണ്. പക്ഷെ രാഹുലിനെയായിരുന്നു ഇറക്കിയിരുന്നതെങ്കില്‍ ഇന്ത്യക്ക് കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലെത്താമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
ആദ്യ പത്തോവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമായപ്പോഴെ ഇന്ത്യ കളി കൈവിട്ടിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യ മത്സരത്തില്‍ കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നതിനെയും ശ്രീകാന്ത് വിമര്‍ശിച്ചു. വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദനവായിരുന്നു പ്ലേയിംഗ് ഇലനിലെത്തേണ്ടിയിരുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. ഹര്‍ഷിത് റാണയെ മൂന്ന് ഫോര്‍മാറ്റിലും ടീമിലെടുത്തിനെതിരെ മുമ്പ് ശ്രീകാന്ത് നടത്തിയ വിമര്‍ശനത്തിന് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ ശ്രീകാന്തിന്‍റെ പേര് പറയാതെ മറുപടി നല്‍കിയിരുന്നു. യുട്യൂബ് വരിക്കാരെ കൂട്ടാനായാണ് ചിലര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു.


