നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 32-ാം ഓവറില്‍ 173-4 എന്ന മികച്ച നിലയില്‍ നിന്ന് 36-ാം ഓവറില്‍ 182-8ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും പിടിച്ചു നിന്ന വാലറ്റക്കാരുടെ കരുത്തിലാണ് 202 റണ്‍സടിച്ചത്.

മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കയോട് നാടകീയ തോല്‍വി വഴങ്ങി സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്. 5 വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം മതിയായിരുന്ന ബംഗ്ലാദേശ് ആദ്യ നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ നഷ്ടമാക്കിയാണ് ഏഴ് റണ്‍സ് തോല്‍വി വഴങ്ങിയത്. ഇതോടെ വനിതാ ലോകകപ്പില്‍ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെ നേടാനായുള്ളു.

View post on Instagram

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 32-ാം ഓവറില്‍ 173-4 എന്ന മികച്ച നിലയില്‍ നിന്ന് 36-ാം ഓവറില്‍ 182-8ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും പിടിച്ചു നിന്ന വാലറ്റക്കാരുടെ കരുത്തിലാണ് 202 റണ്‍സടിച്ചത്. ഒമ്പതാമതായി ക്രീസിലെത്തിയ ഉദേശിക പ്രബോധിനി 37 പന്ത് നേരിട്ട് 8 റണ്‍സെടുത്തപ്പോള്‍ പത്താമതായി ക്രീസിലെത്തിയ മാല്‍കി മദാര 42 പന്ത് നേരിട്ട് 9 റണ്‍സെടുത്തു. 12 ഓവറുകളോളം ഇരുവരും ക്രീസില്‍ പിടിച്ചു നിന്നാണ് ശ്രീലങ്കയെ 200 കടത്തിയത്. 85 റണ്‍സെടുത്ത ഹസിന്‍ പെരേരയും 46 റണ്‍സെടുത്ത ക്യാപ്റ്റൻ ചമതി അത്തപ്പത്തുവും 37 റണ്‍സെടുത്ത നിലാക്ഷി ഡിസില്‍വയും ലങ്കക്കായി തിളങ്ങി.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയുടെയും(77),ഷര്‍മിന്‍ അക്തറുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു ബംഗ്ലാദേശ്. തുടക്കത്തില്‍ 44-3 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശിനെ 126 റണ്‍സിലെത്തിച്ചു. ഷര്‍മിന്‍ അക്തര്‍(64) പരിക്കേറ്റ് മടങ്ങിയശേഷം പിന്നീട് ഷോര്‍മ അക്തറെ(19) കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന നിഗര്‍ സുല്‍ത്താന ബംഗ്ലാദേശിന് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും സ്കോര്‍ 176ൽ നില്‍ക്കെ ഷോര്‍ന അക്തർ(19) പുറത്താക്കി ചമരി അത്തപ്പത്തു ബംഗ്ലാദേശിന്‍റെ നാടകീയ തകര്‍ച്ചക്ക് തുടക്കമിട്ടു.

View post on Instagram

ജയിക്കാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ പന്തില്‍ റബേയ ഖാൻ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.അടുത്ത പന്തില്‍ നാഹിദ അക്തര്‍ റണ്ണൗട്ടായി.മൂന്നാം പന്തില്‍ നിഗാര്‍ സുല്‍ത്താനയെ അത്തപ്പത്തു ബംഗ്ലാദേശിനെ ഞെട്ടിച്ചു. അവിടെയം തീര്‍ന്നില്ല, നാലാം പന്തില്‍ മറൂഫ അക്തറിനെ കൂടി പുറത്താക്കിയ ചമരി അത്തപ്പത്തു ബംഗ്ലാദേശിനെ തോല്‍വിയിലേക്ക് തള്ളിയിട്ടു. അവസാന രണ്ട് പന്തില്‍ ഒരു റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. ബംഗ്ലാദേശ് പുറത്തായതോടെ അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക