മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമിന്‍ നിന്ന് ഓപ്പണര്‍ ജീത് റാവലിനെ ഒഴിവാക്കി. റാവലിന് പകരം ടോം ബ്ലണ്ടല്‍ ഓപ്പണറുടെ വേഷത്തിലെത്തും. മോശം ഫോമാണ് റാവലിന് വിനയായത്. കഴിഞ്ഞ ഒമ്പത് ടെസ്റ്റ് ഇന്നിങ്‌സില്‍ 7.3 റണ്‍സാണ് താരത്തിന്റെ ശരാശരി. ഇംഗ്ലണ്ടിനെതിരെ നാട്ടിലും ഓസീസിനെതിരായ ആദ്യ ടെസ്റ്റിലും റാവലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ന്യൂസിലന്‍ഡ് പകരക്കാരനെ തേടിയത്. 

വിക്‌റ്റോറിയ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു ബ്ലണ്ടല്‍. 70 പന്തുകള്‍ നേരിട്ട താരം 59 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. കിവീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബ്ലണ്ടല്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടില്ല. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ താരം 40 റണ്‍സ് നേടിയിരുന്നു. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 296 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം.