ലണ്ടന്‍: ക്രിക്കറ്റിലെ മഴ നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു.78 വയസ്സായിരുന്നു. ഇംഗ്ലണ്ട്, ആന്‍ഡ് വെയ്‍ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് വാര്‍ത്ത പുറത്തുവിട്ടത്. ഗണിത ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഡക്‌വര്‍ത്തുമായി ചേര്‍ന്ന് 1996-1997ലാണ് ടോണി ലൂയീസ് മഴ നിയമം അവതരിപ്പിച്ചത്.

ഡക്‌വര്‍തത്-ലൂയിസ്1996-97ല്‍ നടന്ന സിംബാബ്‌വെ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിലാണ് ഡക്‌വര്‍ത്ത് ലൂയിസ് മഴനിയമം ആദ്യമായി പരീക്ഷിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ 1999ലെ ഏകദിന ലോകകപ്പില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമം ഓദ്യോഗികമായി അംഗീകരിച്ചു. 2014ല്‍ ക്വീന്‍സ്‌ലന്‍ഡിലെ ഗണിതശാസ്ത്രജ്ഞനായ സ്റ്റീവന്‍ സ്റ്റേണ്‍ ഡക്‌വര്‍ത്ത്-ലൂയിസിന്റെ മഴ നിയമത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തി.

ആധുനികകാലത്തെ സ്കോറിംഗ് നിരക്കിന് അനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തായണ് നിയമം പരിഷ്കരിച്ചത്. 2015ലെ ഏകദിന ലോകകപ്പില്‍ ഡക്‌വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ മഴ നിയമം നടപ്പാക്കി. ഡക്‌വര്‍ത്ത് ലൂയിസ് നിയമത്തിന് മുമ്പ് ശരാശരി മഴ നിയമമായിരുന്നു ക്രിക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. 1992ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് സെമിയില്‍ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെ മഴ എത്തി.

തുടര്‍ന്ന് മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ശരാശരി മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം ഒരു പന്തില്‍ 22 ഒരു  റണ്‍സാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക സെമിയില്‍ പുറത്തായി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് പകരം മഴ നിമയത്തെക്കുറിച്ച് ഐസിസി ആലോചന തുടങ്ങിയത്.