2020-2021ലെ ഇന്ത്യ-ഇംഗ്ലണ്ട്പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അക്സറിനെ ആ വര്‍ഷത്തെ മികച്ച അരങ്ങേറ്റക്കാരനുള്ള പുരസ്കാരം സമ്മാനിച്ചത്.

ഹൈദരാബാദ്: ബിസിസിഐ പുരസ്കാരദാനച്ചടങ്ങില്‍ ബൗളിംഗിലെ വിജയരഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി ഇന്ത്യന്‍ താരം അക്സര്‍ പട്ടേല്‍. ഹൈദരാബാദില്‍ നടന്ന ബിസിസിഐ പുരസ്കാരദാനച്ചടങ്ങില്‍ 2020-21ലെ മികച്ച അരങ്ങേറ്റ താരത്തിനുള്ള പുരസ്കാരം സ്വീകരിച്ചശേഷമായിരുന്നു അക്സറിന്‍റെ പ്രതികരണം. ചടങ്ങ് കാണാന്‍ ഇംഗ്ലണ്ട് പരിശീലകനായ ബ്രണ്ടന്‍ മക്കല്ലവും എത്തിയിരുന്നു.

2020-2021ലെ ഇന്ത്യ-ഇംഗ്ലണ്ട്പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അക്സറിനെ ആ വര്‍ഷത്തെ മികച്ച അരങ്ങേറ്റക്കാരനുള്ള പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരം സ്വീകരിച്ചശേഷം എന്താണ് താങ്കളുടെ ബൗളിംഗ് രഹസ്യമെന്ന ചോദ്യത്തിന് അതിനിപ്പോള്‍ മറുപടി പറയാനാകില്ലെന്നും പ്രത്യേകിച്ച് ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ഇവിടെ ഇരിക്കുന്നുണ്ടെന്നുമായിരുന്നു അക്സറിന്‍റെ തമാശ കലര്‍ന്ന മറുപടി.

ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഹൈദരാബാദില്‍ ഒരുക്കിയിരിക്കുന്നത് സ്പിന്‍ പിച്ചോ; മറുപടി നല്‍കി രാഹുല്‍ ദ്രാവിഡ്

എന്‍റെ ബൗളിംഗ് രഹസ്യം ഇപ്പോള്‍ പറയാനാവില്ല. അതീവരഹസ്യമാണത്. എന്‍റെ പ്രകടനം മെച്ചപ്പെട്ടതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളില്‍ നമുക്ക് കളിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എനിക്കൊന്നും പുറത്തു പറയാനാവില്ല. പ്രത്യേകിച്ച് മക്കല്ലം ഇവിടെ ഇരിക്കുമ്പോള്‍...ചിരിച്ചുകൊണ്ട് അക്സര്‍ പറഞ്ഞു. കൊവിഡ് കാരണം വിതരണം ചെയ്യാതിരുന്ന പുരസ്കാരങ്ങളും ഇത്തവണ വിതരണം ചെയ്തതോടെയാണ് അക്സറിന് 2020-21ലെ മികച്ച അരങ്ങേറ്റക്കാരനുള്ള പുരസ്കാരം ലഭിച്ചത്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം

ഒന്നാം ടെസ്റ്റ്: 2024 ജനുവരി 25-29-ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം.

രണ്ടാം ടെസ്റ്റ്: 2024 ഫെബ്രുവരി 02-06, വിശാഖപട്ടണത്തിലെ ഡോ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയം.

മൂന്നാം ടെസ്റ്റ്: 2024 ഫെബ്രുവരി 15-19, രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

നാലാം ടെസ്റ്റ്: 2024 ഫെബ്രുവരി 23-27, റാഞ്ചിയിലെ ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം.

അഞ്ചാം ടെസ്റ്റ്: 2024 മാർച്ച് 7-11, ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക