ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ സെന്റ് ലൂസിയ സൗക്സിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നൈറ്റ് റൈഡേഴ്സിന്റെ കിരീടധാരണം. സ്കോര്‍ സെന്റ് ലൂസിയ സൗക്സ് 19.1 ഓവറില്‍ 154 ന് ഓള്‍ ഔട്ട്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 18. 1 ഓവറില്‍ 157/2. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് നൈറ്റ് റൈഡേഴ്സിന്റെ കിരീടധാരണം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നൈറ്റ് റൈഡേഴ്സിന്റെ നാലാം കിരീടണാണിത്.

ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ സൗക്സ് 19.1 ഓവറില്‍ 154 റണ്‍സിന് പുറത്തായപ്പോള്‍ നൈറ്റ് റൈഡേഴ്സ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ ലെന്‍ഡല്‍ സിമണ്‍സും(49 പന്തില്‍ 84 നോട്ടൗട്ട്), ഡാരന്‍ ബ്രാവോയും(47 പന്തില്‍ 58 നോട്ടൗട്ട്) ചേര്‍ന്നാണ് നൈറ്റ് റൈഡേഴ്സിന്റെ വിജയം അനായാസമാക്കിയത്. തുടക്കത്തിലെ ടിയോണ്‍ വെബ്സ്റ്ററെയും(5), ടിം സീഫര്‍ട്ടിനെയും(4) മടക്കി സെന്റ് ലൂസിയ നൈറ്റ് റൈഡേഴ്സിനെ ഞെട്ടിച്ചെങ്കിലും ഡാരന്‍ ബ്രാവോയെ കൂട്ടുപിടിച്ച് സിമണ്‍സ് നൈറ്റ് റൈഡേഴ്സിനെ വിജയവര കടത്തി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സടിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ മികച്ച തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. പതിനാലാം ഓവറില്‍ 115/3ല്‍ നിന്നാണ് 19.1 ഓവറില്‍ 154 റണ്‍സിന് സെന്റ് ലൂസിയ ഓള്‍ ഔട്ടായത്. റഹീം കോണ്‍വാളിനെ(8) തുടക്കത്തിലെ നഷ്ടമായശേഷം  മാര്‍ക്ക് ഡെയാലും(29), ആന്ദ്രെ ഫ്ലെച്ചറും(39) ചേര്‍ന്ന് സെന്റ് ലൂസിയയെ മികച്ച സ്കോറിലേക്ക് നയിച്ചു.

ഇരുവരും പുറത്തായശേഷം റോസ്റ്റണ്‍ ചേസും(22), നജീബുള്ളയും(24) ചേര്‍ന്ന് വമ്പന്‍ സ്കോറിലേക്ക് ടീമിനെ നയിക്കുമെന്ന് കരുതിയിരിക്കെയാണ് ഇരുവരെയും പുറത്താക്കി കീറോണ്‍ പൊള്ളാര്‍ഡ് ഇരട്ട പ്രഹരമേല്‍പ്പിച്ചത്. പിന്നീടാര്‍ക്കും സെന്റ് ലൂസിയ നിരയില്‍ രണ്ടക്കം കാണാനായില്ല. നൈറ്റ് റൈഡേഴ്സിനായി പൊള്ളാര്‍ഡ് നാലോവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തപ്പോള്‍ അലി ഖാനും ഫവാദ് അപഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.