കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പത്തനംതിട്ടയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് തിരുവനന്തപുരം തെക്കന്‍ മേഖലയിലെ ഒന്നാം സ്ഥാനക്കാരായി. നാല് മത്സരങ്ങളും ജയിച്ച് 16 പോയിന്റുകളുമായി തിരുവനന്തപുരം ഒന്നാമതെത്തിയപ്പോള്‍, ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനായില്ല.

ആലപ്പുഴ: കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പത്തനംതിട്ടയെ തകര്‍ത്ത് തെക്കന്‍ മേഖലയിലെ ഒന്നാം സ്ഥാനക്കാരായി തിരുവനന്തപുരം. പത്തനംതിട്ടയെ അഞ്ച് വിക്കറ്റിനാണ് തിരുവനന്തപുരം തോല്‍പ്പിച്ചത്. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനായില്ല. നാല് മത്സരങ്ങളും ജയിച്ച് 16 പോയിന്റുകളുമായി തിരുവനന്തപുരം ഒന്നാമതെത്തിയപ്പോള്‍, പത്ത് പോയിന്റോടെ ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 25.1 ഓവറില്‍ 70 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ദേവനന്ദയുടെ പ്രകടനമാണ് പത്തനംതിട്ടയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. പവിത്ര രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 27 റണ്‍സുമായി പുറത്താകാതെ നിന്ന ഇഷിതാ ഷാനിയാണ് തിരുവനന്തപുരത്തിന്റെ ടോപ് സ്‌കോറര്‍.

ആലപ്പുഴയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കോട്ടയം 30 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 60 റണ്‍സെടുത്ത ജുവലും 47 റണ്‍സെടുത്ത ജോഹിനയുമാണ് കോട്ടയത്തിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ആലപ്പുഴയ്ക്ക് വേണ്ടി പാര്‍വ്വതി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പുഴ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്ത് നില്‍ക്കെ മഴയെ തുടര്‍ന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. നിള (40), ലക്ഷ്മി (34), പാര്‍വ്വതി (21) എന്നിവരാണ് ആലപ്പുഴയുടെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

YouTube video player