ഓഹരി വില്‍ക്കാന്‍ ശ്രമിച്ചു, ഇടഞ്ഞ് പ്രീതി സിന്റ! പഞ്ചാബ് കിംഗ്‌സ് ടീമില്‍ പൊട്ടിത്തെറി
സഹ ഉടമകളുടെ സമ്മതമില്ലാതെ ഓഹരികള്‍ വില്‍ക്കരുതെന്നാണ് ഫ്രാഞ്ചൈസിക്കുള്ളിലുണ്ടായിരുന്ന ധാരണ.
മൊഹാലി: ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സില്‍ പൊട്ടിത്തെറി. ടീമിന്റെ നാല് ഉടമകളില്‍ ഒരാളായ മോഹിത് ബര്‍മനെതിരെ പ്രീതി സിന്റ ഛണ്ഡീഗഢ് ഹൈക്കോടതിയെ സമീപിച്ചു. മറ്റുടമകളുടെ അറിവില്ലാതെ ബര്‍മന്റെ ഓഹരികള്‍ കൈമാറാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മോഹിത് ബര്‍മന്റെ നടപടികള്‍ തടയണമെന്നാണ് പ്രീതി സിന്റ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ടീമിന്റെ 48 ശതമാനം ഓഹരികളും മോഹിത് ബര്‍മന്റെ പക്കലാണ്. ഇതിന്റെ ഒരു ഭാഗം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
സഹ ഉടമകളുടെ സമ്മതമില്ലാതെ ഓഹരികള്‍ വില്‍ക്കരുതെന്നാണ് ഫ്രാഞ്ചൈസിക്കുള്ളിലുണ്ടായിരുന്ന ധാരണ. ഇത് ലംഘിച്ചുവെന്നാണ് പരാതി. എന്നാല്‍ താന്‍ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മോഹിത് ബര്‍മന്‍ പ്രതികരിച്ചു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് ഒരിക്കല്‍ മാത്രമാണ് ഫൈനലില്‍ എത്തിയിട്ടുള്ളത്. ടീമിന്റെ 23 ശതമാനം ഓഹരികളാണ് പ്രീതിയുടെ പക്കലുള്ളത്. നെസ് വാദിയക്ക് 23 ശതമാനം പങ്കുണ്ട്. ശേഷിക്കുന്ന ഓഹരി കരണ്‍ പോളിന്റെ പേരിലാണ്. 11.5 ശതമാനം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
ഓഹരി വില്‍ക്കാന്‍ ശ്രമിച്ചു, ഇടഞ്ഞ് പ്രീതി സിന്റ! പഞ്ചാബ് കിംഗ്‌സ് ടീമില്‍ പൊട്ടിത്തെറി
ഇത്തവണ ഒമ്പതാം സ്ഥാനത്തായിരുന്നു ടീം. 14 മത്സരങ്ങള്‍ കളിച്ച പഞ്ചാബ് അഞ്ച് വിജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കിയത്. ഒമ്പത് മത്സരങ്ങളിലും പരാജയപ്പെട്ടു. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ശിഖര്‍ ധവാന് പകരം സാം കറനാണ് മിക്കവാറും മത്സരങ്ങളില്‍ നയിച്ചത്. പുതിയ സീസണിന് മുമ്പ് ടീം അടിമുടി മാറ്റാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍. വരുന്ന മെഗാലേലത്തിന് മുമ്പ് വലിയ അഴിച്ചുപണികള്‍ ടീമിലുണ്ടാവും. നായകന്‍ ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനം തെറിച്ചേക്കും. സര്‍പ്രൈസ് താരം ശശാങ്ക് സിംഗിനെ ടീമില്‍ നിലനിര്‍ത്താനും സാധ്യതയേറെ.