ദില്ലി: ഇന്ത്യ- ബംഗ്ലാദേശ് ടി20 മത്സരത്തിന് വെല്ലുവിളിയായിരുന്നു ദില്ലിയിലെ അന്തരീക്ഷ മലിനീകരണം. മത്സരം നടക്കുമോ എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. വിദ്യാലയങ്ങളും കടകളും അടഞ്ഞുതന്നെ കിടന്നിരുന്നു. ഇതിനിടെ ദില്ലിയില്‍ ആരോഗ്യഅടിയന്തരാവസ്ഥയും പ്രഖാപിച്ചിരുന്നു. എന്നാല്‍ ഇരുടീമുകളും കളിക്കാന്‍ തയ്യാറാവുകയും മത്സരത്തില്‍ ബംഗ്ലാദേശ് ജയിക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. 

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നാണ്. രണ്ട് താരങ്ങള്‍ ഛര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാ ബാറ്റ്‌സ്മാന്‍ സൗമ്യ സര്‍ക്കാരും മറ്റൊരു താരവുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടത്. മത്സരത്തിനിടെയാണ് സംഭവം.

എന്നാല്‍ അന്തരീക്ഷ മലിനീകരണം എന്നെ ബാധിച്ചിട്ടില്ലെന്ന് ബംഗ്ലാ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം വ്യക്തമാക്കി. ദില്ലിയിലെ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റത്തത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന്‍ നിരാശ പ്രകടമാക്കിയിരുന്നു.