Asianet News MalayalamAsianet News Malayalam

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾ ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതായി ആരോപണം

ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ ഏകദിന പരമ്പരക്കായുളള തയാറെടുപ്പിലാണ് ലങ്കൻ ടീം. നാളെ ഡർഹാമിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കാർഡിഫിലാണ് ടി20 പരമ്പര നടന്നത്.

Two  Sri Lanka players are suspected to breach bio-bubble protocols in England
Author
London, First Published Jun 28, 2021, 2:07 PM IST

ഡർഹാം: ഇം​ഗ്ലണ്ട് പര്യടനത്തിലുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ രണ്ട് കളിക്കാർ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിട്ടുള്ള ബയോ സെക്യുർ ബബ്ബിൾ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കുശാൽ മെൻഡിസും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്വെല്ലയും ടീമിന്റെ ബയോ സെക്യുർ ബബ്ബിളിൽ നിന്ന് പുറത്തുകടന്ന് ലണ്ടനിലെ മാർക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങളാണ് സമൂമഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ ഏകദിന പരമ്പരക്കായുളള തയാറെടുപ്പിലാണ് ലങ്കൻ ടീം. നാളെ ഡർഹാമിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കാർഡിഫിലാണ് ടി20 പരമ്പര നടന്നത്. ഇവിടെ ലങ്കൻ താരങ്ങൾക്ക് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഡർഹാമിൽ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

കളിക്കാർക്ക് ടീം ഹോട്ടൽ വിട്ട് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നില്ല. കുശാൽ മെൻഡിസിനും ഡിക്വവല്ലക്കുമൊപ്പം മൂന്നാമതൊരു കളിക്കാരൻ കൂടി ഇവർക്കൊപ്പമുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം സ്ഥിരീകരിച്ചാൽ ഇരു താരങ്ങളെയും രണ്ടാഴ്ചത്തേക്ക് ഐസോലേഷനിൽ വിടും. പ്രോട്ടോക്കോൾ ലംഘനത്തിന് പിഴയും ഒടുക്കേണ്ടിവരും.

കളിക്കാരുടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീം മാനേജർ മനുജ കരിയപ്പെരുമ ക്രിക്ക് ഇൻഫോയോട് പറഞ്ഞു. പ്രോട്ടോക്കോൾ ലംഘനം സ്ഥിരീകരിച്ചാൽ ഇരു താരങ്ങൾക്കും ഏകദിന പരമ്പര നഷ്ടമാവും. ടി20 പരമ്പര 3-0ന് അടിയറവെച്ച ലങ്കൻ ടീമിന് മറ്റൊരു നാണക്കേടായി കളിക്കാരുടെ പെരുമാറ്റം.

Follow Us:
Download App:
  • android
  • ios