ജൊഹാനസ്ബര്‍ഗ്: കൗമാര ലോകകപ്പിന് അട്ടിമറിയോടെ തുടക്കം. അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി അഫ്ഗാന്‍ ഞെട്ടിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 29.1 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യം കണ്ടു. 9.1 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സ്പിന്നര്‍ ഷഫീഖുള്ള ഗഫാരിയാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ബ്രൈസ് പാഴ്സണും(40), ജെറാള്‍ഡ് കോയറ്റ്സീയും(38), ല്യൂക് ബ്യൂഫോര്‍ട്ടും(25) മാത്രമെ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയുള്ളു. വാലറ്റത്ത് കോയറ്റ്സി നടത്തിയ കൂറ്റനടികളാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. അഫ്ഗാനായി ഗഫാരിക്ക് പുറമെ ഫസല്‍ ഹഖും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറികള്‍ നേടിയ ഇബ്രാഹിം സര്‍ദ്രാനും(52), ഇമ്രാന്‍ മിറും(57) ചേര്‍ന്ന് അഫ്ഗാന്റെ ജയം അനായാസമാക്കി.