ദില്ലി: പ്രായത്തട്ടിപ്പ് കേസില്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോ മന്‍ജോത് കല്‍റയുടെ മാതാപിതാക്കള്‍ക്ക് എതിരെ കുറ്റപത്രം. താരം പ്രായത്തട്ടിപ്പ് നടത്തിയതായി ദില്ലി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം തീസ് ഹസാരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 

ബിസിസിഐയുടെ രേഖകളില്‍ 1999 ജനുവരി 15 ആണ് മന്‍ജോത് കല്‍റയുടെ ജനനതിയതി. എന്നാല്‍ യഥാര്‍ത്ഥ ജനനതിയതി 1998 ജനുവരി 15 ആണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മന്‍ജോത് പഠിച്ച രണ്ട് സ്‌കൂളിലെ രേഖകള്‍ പരിശോധിച്ചാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.

കുറ്റപത്രത്തില്‍ മന്‍ജോതിന്‍റെ മാതാപിതാക്കളായ പര്‍വീന്‍ കുമാറിനെയും രഞ്ജിത് കൗറിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയ മറ്റ് 11 താരങ്ങളുടെ മാതാപിതാക്കളും കുറ്റക്കാരാണെന്ന് കുറ്റപത്രം പറയുന്നു. ദില്ലിയിലെ ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ പ്രായത്തട്ടിപ്പ് അന്വേഷിക്കുന്നതിനിടയിലാണ് ഇവര്‍ കുടുങ്ങിയത്.  

ഇന്ത്യ കപ്പുയര്‍ത്തിയ 2018 അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി പോരാട്ടവുമായി മാന്‍ ഓഫ് ദ് മാച്ച് ആയിരുന്നു മന്‍ജോത്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് മന്‍ജോതിനെ സ്വന്തമാക്കിയിരുന്നു.