അഫ്ഗാന്‍റെ ഭേദപ്പെട്ട സ്കോറിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹര്‍നൂര്‍ സിംഗും(65) ആങ്ക്രിഷ് രഘുവംശിയും(35) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി വിജയത്തിന് അടിത്തറയിട്ടു. എന്നാല്‍ ഇരുവരും അടുത്തടുത്ത് പുറത്തായതിന് പിന്നാലെ ഷെയ്ഖ് റഷീദ്(6) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍(U19 Asia Cup 2021) അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ( IND vs AFG) രണ്ടാം ജയവുമായി സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഹര്‍നൂര്‍ സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 259-4, ഇന്ത്യ 48.2 ഓവറില്‍ 262-6. മൂന്ന് കളികളില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ യുഎഇയെ 154 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റിരുന്നു.

അഫ്ഗാന്‍റെ ഭേദപ്പെട്ട സ്കോറിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹര്‍നൂര്‍ സിംഗും(65) ആങ്ക്രിഷ് രഘുവംശിയും(35) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി വിജയത്തിന് അടിത്തറയിട്ടു. എന്നാല്‍ ഇരുവരും അടുത്തടുത്ത് പുറത്തായതിന് പിന്നാലെ ഷെയ്ഖ് റഷീദ്(6) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.

ക്യാപ്റ്റന്‍ യാഷ് ദുള്ളും(26), നിഷാന്ത് സിന്ധുവും(19() ഇന്ത്യയെ 150 കടത്തിയെങ്കിലും ഇരുവരെയും മടക്കി അഫ്ഗാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. ടീം സ്കോര്‍ 200 കടക്കും മുമ്പ് വിക്കറ്റ് കീപ്പര്‍ ആരാധ്യ യാദവ്(12) കൂടി മടങ്ങിയതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായെങ്കിലും രാജ് ബാവയുടെയും(43), കൗശല്‍ താംബെയുടെയും(29 പന്തില്‍ 35) ഇന്നിംഗ്സുകള്‍ ഇന്ത്യക്ക് ജയമൊരുക്കി. ഇരുവരും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനുവേണ്ടി ക്യാപ്റ്റന്‍ സുലൈമാന്‍ സഫി(73), ഇജാസ് അഹമ്മദ് അഹ്മദാസി(68 പന്തില്‍ 83*) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അല്ലാ നൂര്‍(26), ഖഐബര്‍ വാലി(20*) എന്നിവരും അഫ്ഗാനുവേണ്ടി ബാറ്റിംഗില്‍ തിളങ്ങി.