ജൊഹാനസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പില്‍ കന്നിക്കിരീടത്തില്‍ മുത്തമിട്ടശേഷം ഇന്ത്യന്‍ താരങ്ങളുമായി കൈയാങ്കളിക്കൊരുങ്ങി ബംഗ്ലാദേശ് താരങ്ങള്‍. വിശ്വവിജയത്തിന്റെ ആവേശത്തില്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയ ബംഗ്ലാദേശ് താരങ്ങളാണ് ഇന്ത്യന്‍ താരങ്ങളുമായി കൈയാങ്കളിക്ക് മുതിര്‍ന്നത്.  ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമാണ് ബംഗ്ലാദേശ് വിജയം ആഘോഷിച്ചത്.

ഇത് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കത്തിന് കാരണമാകുകയും ചെയ്തു. അമ്പയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരശേഷം നടന്ന സമ്മാദാനച്ചടങ്ങില്‍ ബംഗ്ലാദേശ് കളിക്കാരുടേത് വൃത്തികെട്ട പെരുമാറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗ് വ്യക്തമാക്കി. തോല്‍വിയിലും ഞങ്ങള്‍ പ്രകോപിതരായിരുന്നില്ല. ഇതെല്ലാം കളിയുടെ ഭാഗമാണ്. ചില മത്സരങ്ങള്‍ ജയിക്കും, ചിലത് തോല്‍ക്കും. പക്ഷെ വിജയത്തിനുശേഷം ബംഗ്ലാദേശ് കളിക്കാരുടെ പെരുമാറ്റം വൃത്തികെട്ട രീതിയിലായിരുന്നു. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു-ഗാര്‍ഗ് പറഞ്ഞു.

മത്സരത്തിന്റെ തുടക്കം മുതലെ ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ വാക് പോരില്‍ ഏര്‍പ്പെട്ടിരുന്നു. മത്സരശേഷം ഗ്രൗണ്ടില്‍ നടന്ന സംഭവങ്ങളില്‍ ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലി ഖേദം പ്രകടിപ്പിച്ചു. ശരിക്കും എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. എന്താണിവിടെ നടക്കുന്നതെന്ന് ഞാന്‍ കളിക്കാരോട് ചോദിച്ചതുമില്ല. പക്ഷെ ലോകകപ്പ് ഫൈനല്‍ പോലെ വലിയൊരു ടൂര്‍ണമെന്റ് ജയിച്ചു കഴിയുമ്പോള്‍ ഇത്തരം വികാരപ്രകടനങ്ങള്‍ കളിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവാം.

കാരണം ലോകകപ്പ് നേട്ടത്തില്‍ ബംഗ്ലാദേശ് കളിക്കാര്‍ അത്രമാത്രം ആവേശഭരിതരായിരുന്നു. ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യയോട് പ്രതികാരം തീര്‍ക്കണമെന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അത് സാധ്യമായപ്പോള്‍ അവരുടെ ആവേശം അതിരുവിട്ടതാകും. അതെന്തായാലും ഏത് സാഹചര്യത്തിലും ഈ രീതിയില്‍ അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് ഞാന്‍ മാപ്പു ചോദിക്കുന്നു-അക്ബര്‍ അലി പറഞ്ഞു.