മുഷീര്‍ ഖാന്‍ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സെഞ്ചുറികളുണ്ട് മുഷീറിന്റെ അക്കൗണ്ടില്‍. 101.19 സ്‌ട്രൈക്ക് റേറ്റിലും 67.60 ശരാശരിയിലും 338 റണ്‍സാണ് മുഷീര്‍ നേടിയത്.
കേപ്ടൗണ്‍: അണ്ടര്‍ 19 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമി ഫൈനല്‍ മത്സരം പൂര്‍ത്തിയായതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദയ് സഹാരണാണ് പട്ടിക നയിക്കുന്നത്. ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 389 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും സഹാരണ്‍ നേടി. 64.83 ശരാശരിയിലും 78.90 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ഇത്രയും റണ്‍സ് കണ്ടെത്തിയത്.
മുഷീര്‍ ഖാന്‍ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സെഞ്ചുറികളുണ്ട് മുഷീറിന്റെ അക്കൗണ്ടില്‍. 101.19 സ്‌ട്രൈക്ക് റേറ്റിലും 67.60 ശരാശരിയിലും 338 റണ്‍സാണ് മുഷീര്‍ നേടിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ശിഖര്‍ ധവാന് ശേഷം ഒന്നിലധികം സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് മുഷീര്‍. 131 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ സെഞ്ചുറിയും മുഷീറിന്റെ അക്കൗണ്ടിലുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ സഹാരണൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സച്ചിന്‍ ദാസ് മൂന്നാം സ്ഥാനത്ത്. ഇന്ന് നാല് റണ്‍സിന്റെ വ്യത്യാസത്തിലാണ് താരത്തിന് സെഞ്ചുറി നഷ്ടമായത്. ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 294 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 73.50 ശരാശരിയിലാണ് നേട്ടം.
അതേസമയം, സെമിയില്‍ അവിസ്മരണീയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്‌സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

