കൊച്ചി: പാക് പേസര്‍ ഷൊയൈബ് അക്തര്‍ എറിഞ്ഞ ക്രിക്കറ്റിലെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കി മലയാളി താരം എസ് ശ്രീശാന്ത്. ഉമേഷ് യാദവോ ജസ്പ്രീത് ബുമ്രയോ ആകും അക്തര്‍ എറിഞ്ഞ 161.3 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ പന്തിന്രെ റെക്കോര്‍ഡ‍് തകര്‍ക്കുകയെന്നും ശ്രീശാന്ത് ഹലോ ലൈവില്‍ പറഞ്ഞു.

എല്ലാ ബാറ്റിംഗ് റെക്കോര്‍ഡുകളും പിന്നീട് തിരുത്തപ്പെട്ടിട്ടുണ്ട്. അതുപോലെ അക്തറുടെ അതിവേഗ പന്തിന്റെ റെക്കോര്‍ഡും ഒരിക്കല്‍ തിരുത്തിയെഴുതപ്പെടും. നിലവിലെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവാണ് അക്തറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഞാന്‍ കൂടുതല്‍ സാധ്യത കാണുന്നത്. 155 കിലോ മീറ്റര്‍ വേഗം കണ്ടെത്താനാകുന്ന ബുമ്രക്കും അതിന് സാധ്യതയുണ്ട്. എല്ലാ പന്തും അതിവേഗത്തിലെറിയേണ്ട കാര്യമില്ല. 137-145 കിലോ മീറ്റര്‍ വേഗം തന്നെ ധാരാളമാണ്. അതിവേഗതക്കായി ശ്രമിക്കുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും ശ്രീശാന്ത് പറഞ്ഞു.

Also Read: കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് ശ്രീശാന്ത്

നിലവിലെ ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുമ്രയും ആണ് തനിക്കേറെ ഇഷ്ടമുള്ള ബൗളര്‍മാരെന്നും ശ്രീശാന്ത് പറഞ്ഞു. കൊവിഡ് 19 മഹാമാരിയെ നേരിടാന്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ ശ്രീശാന്ത് മുഖ്യമന്ത്രി പിണറായി വിജയനയെും ആരോഗ്യ മന്ത്രി കെ കെ ശൈലജയെയും ശ്രീശാന്ത് അഭിനന്ദിച്ചു. സംസ്ഥാനത്തെ കൂടുതല്‍ ജില്ലകള്‍ കൊവിഡ് മുക്തമാകുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.