ഐപിഎല്ലിലൂടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് വെറ്ററന്‍ പേസര്‍ ഉമേഷ് യാദവ്

കൊല്‍ക്കത്ത: വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണ്‍ ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിലെ പ്രകടനം പലരെയും സഹായിക്കും. പ്രത്യേകിച്ച് പരിക്ക് പല മുന്‍നിര താരങ്ങളേയും അലട്ടുന്ന സാഹചര്യത്തില്‍. ഇതിനാല്‍ ഐപിഎല്ലിലൂടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് വെറ്ററന്‍ പേസര്‍ ഉമേഷ് യാദവ്. 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമാണ് ഉമേഷ് യാദവ്. 'നാല് വര്‍ഷം കൂടുമ്പോഴാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ കളിക്കാന്‍ എനിക്കുള്ള അവസാന അവസരമാണിത്. അതിനാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അങ്ങനെ ഏകദിന ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തണം. ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കണം. വീണ്ടുമൊരു നാല് വര്‍ഷത്തേക്ക് ലോകകപ്പിനായി കാത്തിരിക്കാനാവില്ല' എന്നും ഉമേഷ് യാദവ് പറഞ്ഞു. 

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് മുപ്പത്തിയഞ്ചുകാരനായ ഉമേഷ് യാദവ് കളിക്കുന്നത്. നാല് വര്‍ഷമായി ഏകദിന മത്സരം കളിച്ചിട്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തയ്ക്കായി 12 കളികളില്‍ 7.06 ഇക്കോമണിയില്‍ 16 വിക്കറ്റ് ഉമേഷ് നേടിയിരുന്നു. പരിക്ക് കാരണം പകരക്കാരനായി ഐപിഎല്ലിന് ശേഷം അവസാനം നിമിഷം ടി20 ടീമിലേക്ക് ഉമേഷ് യാദവ് തിരിച്ചുവന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് മടങ്ങിവരവില്‍ അവസരം ലഭിച്ചത്. 

കൊല്‍ക്കത്ത ടീം: വെങ്കിടേഷ് അയ്യർ, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ (പരിക്ക്), നിതീഷ് റാണ, റിങ്കു സിംഗ്, മൻദീപ് സിംഗ്, എൻ ജഗദീശൻ, ലിറ്റൺ ദാസ്, ആന്ദ്രെ റസൽ, അനുകുൽ റോയ്, ഡേവിഡ് വീസ്, ഷാക്കിബ് അൽ ഹസൻ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, സുയാഷ് ചക്രവർത്തി, താക്കൂർ, ലോക്കി ഫെർഗൂസൺ, ടിം സൗത്തി, ഹർഷിത് റാണ, ഉമേഷ് യാദവ്, വൈഭവ് അറോറ, കുൽവന്ത് ഖെജ്‌രോലിയ.

ഫോമിലായാലും ഇല്ലേലും കെ എല്‍ രാഹുല്‍ പഴി കേള്‍ക്കും; ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് പരിക്കും ആശങ്ക