നാലാം ബൗളറുടെ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ ഞാന്‍ തന്നെയാണ്. സീനിയര്‍ ബൗളര്‍മാരെ കവച്ചുവെക്കുന്ന ബൗളിംഗ് പ്രകടനമൊന്നും യുവതാരങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. ഇത് ലോകകപ്പാണ്. പരിചയസമ്പത്തിന് അവിടെ വലിയ റോളുണ്ട്.

ബംഗലൂരു: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ താന്‍ എന്തുകൊണ്ടും അര്‍ഹനാണെന്ന് പേസ് ബൗളര്‍ ഉമേഷ് യാദവ്. ലോകകപ്പ് ടീമിലേക്കായി ഇതുവരെ പരീക്ഷിച്ച യുവതാരങ്ങളാരും മികവ് കാട്ടാത്ത പശ്ചാത്തലത്തില്‍ പരിചയസമ്പത്ത് കണക്കിലെടുത്ത് ടീമിലെ നാലാം പേസറാകാന്‍ താന്‍ തന്നെയാണ് ഏറ്റവും യോഗ്യനെന്ന് ഉമേഷ് പറഞ്ഞു. ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന്റെ താരമായ ഉമേഷ് യാദവാണ് 2015ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

ഐപിഎല്ലില്‍ മികവുകാട്ടിയാല്‍ ടീമിലെ നാലാം പേസറായി തനിക്ക് ലോകകപ്പ് ടീമിലെത്താനാവുമെന്നും ഉമേഷ് പറഞ്ഞു. ജസ്പ്രീത് ബുംമ്രയും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം സീമറായി ഖലീല്‍ അഹമ്മദിനെയും മുഹമ്മദ് സിറാജിനെയിും സിദ്ധാര്‍ഥ് കൗളിനെയുമെല്ലാം ഇന്ത്യ പരീക്ഷിച്ചെങ്കിലും ആരും മികവ് കാട്ടിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഉമേഷിന്റെ പ്രതികരണം.

നാലാം ബൗളറുടെ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ ഞാന്‍ തന്നെയാണ്. സീനിയര്‍ ബൗളര്‍മാരെ കവച്ചുവെക്കുന്ന ബൗളിംഗ് പ്രകടനമൊന്നും യുവതാരങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. ഇത് ലോകകപ്പാണ്. പരിചയസമ്പത്തിന് അവിടെ വലിയ റോളുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പര പോലെയല്ല. 10-12 കളികളിലെ പരിചയസമ്പത്തുവെച്ച് ലോകകപ്പ് പോലെ വലിയൊരു വേദിയില്‍ കളിക്കാനാവില്ല. മുന്‍നിര ബൗളര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പരിചയസമ്പത്തുള്ള ബൗളര്‍ തന്നെ വേണം പകരക്കാരനാവാന്‍.

140 കിലോ മീറ്ററിലേറെ വേഗത്തെില്‍ പന്തെറിയാന്‍ കഴിയുന്ന സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന ബൗളര്‍ തന്നെ വേണം. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിക്കാത്തതാണ് ടെസ്റ്റിലെ ഫോം ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ കഴിയാഞ്ഞതിന് കാരണമെന്നും യാദവ് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ കളിച്ച യാദവിന് തിളങ്ങാനായിരുന്നില്ല.