മാഞ്ചസ്റ്റര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് ഐസിസി വിലക്കിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ട് താരം ഡൊമനിക് സിബ്ലിക്ക് പഴയ ശീലങ്ങള്‍ അത്ര പെട്ടെന്ന് മറക്കാനായില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരാ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്ത് കൈയിലെടുത്ത സിബ്ലി പഴയ ഓര്‍മയില്‍ പന്തില്‍ തുപ്പല്‍ തേച്ച് മിനുക്കിയെങ്കിലും ഇംഗ്ലണ്ട് താരങ്ങള്‍ തന്നെ സഹതാരത്തിന്റെ പിഴവ് അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തി.ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിന്റെ ഓവര്‍ പൂര്‍ത്തിയായ ഉടനെയായിരുന്നു സിബ്ലി പന്ത് കൈയിലെടുത്തശേഷം തുപ്പല്‍ തേച്ചത്. ഇംഗ്ലണ്ട് താരങ്ങള്‍ തന്നെ ഇക്കാര്യം അമ്പയര്‍ മൈക്കല്‍ ഗഫിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അദ്ദേഹം പന്ത് വാങ്ങി സാനിറ്റൈസ് ചെയ്ത ടിഷ്യു കൊണ്ട് പന്തിന്റെ ഇരുവശവും തുടച്ച് അണുവിമുക്തമാക്കി. പുതിയ നിയമം വന്നശേഷം ആദ്യമായാണ് ഒരു കളിക്കാരന്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പന്തില്‍ തുപ്പല്‍ തേക്കുന്നത് ഐസിസി വിലക്കിയിട്ടുണ്ട്. തുപ്പല്‍ തേക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം ടീമിന് അമ്പയര്‍ മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നും  തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനല്‍റ്റിയായി വിധിക്കും. ആദ്യ ടെസ്റ്റില്‍ തോറ്റ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡിസിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ 0-1ന് പിന്നിലാണ്..

രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സ്റ്റോക്സിന്റെയും സിബ്ലിയുടെയും സെഞ്ചുറികളുടെ മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സെടുത്തപ്പോള്‍ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന നിലയിലാണ്. 74 റണ്‍സോടെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും 41 റണ്‍സോടെ ഷമ്രാ ബ്രൂക്സുമാണ് ക്രീസില്‍. മത്സരത്തിന്റെ മൂന്നാം ദിനം മഴമൂലം പൂര്‍ണമായും നഷ്ടമായിരുന്നു.