ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ അമ്പയര്‍മാരുടെ പ്രകടനം വീണ്ടും ചര്‍ച്ചയാകുന്നു. ആദ്യ ദിനം പാറ്റ് കമിന്‍സ് എറിഞ്ഞ നോ ബോളില്‍ മുഹമ്മദ് റിസ്‌വാന്റെ വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളില്‍ മാത്രം എറിഞ്ഞത് 21 നോ ബോളുകള്‍. എന്നാല്‍ ഇതിലൊന്നുപോലും അമ്പയര്‍മാര്‍ കണ്ടില്ല.

അമ്പയര്‍മാര്‍ കാണാതെ പോയ 21 നോ ബോളുകളില്‍ 20 എണ്ണവും എറിഞ്ഞത് പാക്കിസ്ഥാന്റെ കൗമാര വിസ്മയമായ പേസ് ബൗളര്‍ നസീം ഷാ. വ്യക്തിഗത സ്കോര്‍ 56ല്‍ നില്‍ക്കെ നസീം ഷായുടെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായെങ്കിലും നോ ബോളാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഔട്ട് വിളിച്ചില്ല.

151 റണ്‍സുമായി വാര്‍ണര്‍ ഇപ്പോഴും ക്രീസിലുണ്ട്. പാക്കിസ്ഥാന്‍ എറിഞ്ഞ മൂന്ന് നോ ബോളുകള്‍ മാത്രമാണ് അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നസീം ഷാ 20 നോ ബോളുകള്‍ എറിഞ്ഞെങ്കിലും ഒരെണ്ണം മാത്രമാണ് അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ചാനല്‍ 7 ആണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ ഗുരുതരമായ പിഴവ് ഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. റിച്ചാര്‍ഡ് കെറ്റില്‍ബറോയും റിച്ചാര്‍ഡ്  ഇല്ലിംഗ്‌വര്‍ത്തുമാണ് മത്സരത്തിലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍.