മിന്നല്‍ പോലെ  പാഞ്ഞ ഡെലിവറിയിലൂടെ ബംഗ്ലാദേശ് ബാറ്റര്‍ ഷാന്‍റോയുടെ ഓഫ് സ്റ്റംമ്പ് ഉമ്രാന്‍ എറിഞ്ഞിട്ടു. തന്‍റെ ആദ്യ ഓവറില്‍ വെറ്ററന്‍ ബാറ്റര്‍ ഷാക്കിബ് അല്‍ ഹസനെയും മികച്ച പേസുള്ള പന്തിലൂടെ ഉമ്രാന്‍ വിറപ്പിച്ചിരുന്നു

മിര്‍പുര്‍: ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് പിന്നാലെ ബംഗ്ലാദേശിലും വേഗം കൊണ്ട് അമ്പരപ്പിച്ച് ഇന്ത്യയുടെ പേസ് ബൗളിംഗ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്ക്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമാണ് ഉമ്രാന്‍ മാലിക്ക് ഇന്ത്യ ടീമിലേക്ക് വന്നത്. ആദ്യ ഏകദിനത്തില്‍ അവസരം കിട്ടിയില്ലെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ ഉമ്രാന്‍ ആദ്യ ഇലവനില്‍ ഇടം നേടി. ടോസ് നഷ്ടമായി ബൗളിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യക്കായി പേസ് കൊണ്ട് അത്ഭുതം തീര്‍ക്കുകയായിരുന്നു ഉമ്രാന്‍ മാലിക്ക്.

Scroll to load tweet…

മിന്നല്‍ പോലെ പാഞ്ഞ ഡെലിവറിയിലൂടെ ബംഗ്ലാദേശ് ബാറ്റര്‍ ഷാന്‍റോയുടെ ഓഫ് സ്റ്റംമ്പ് ഉമ്രാന്‍ എറിഞ്ഞിട്ടു. തന്‍റെ ആദ്യ ഓവറില്‍ വെറ്ററന്‍ ബാറ്റര്‍ ഷാക്കിബ് അല്‍ ഹസനെയും മികച്ച പേസുള്ള പന്തിലൂടെ ഉമ്രാന്‍ വിറപ്പിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തിലും ഉമ്രാന്‍ വേഗം കൊണ്ട് താരമായിരുന്നു. ഡാരി മിച്ചലിനെതിരെ മണിക്കൂറില്‍ 153.1 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് എറിഞ്ഞു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ താരം അന്ന് പുളകം കൊള്ളിച്ചിരുന്നു.

Scroll to load tweet…

അതേസമയം, ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 272 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നില്‍ വച്ചിരിക്കുന്നത്. മെഹ്ദി ഹസന്‍ മിറാസിന്റെ (100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത. മഹ്മുദുള്ളയുടെ (77) ഇന്നിംഗ്‌സ് നിര്‍ണായകമായി. വാഷിംഗ്ടണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷഹബാസ് അഹമ്മദും കുല്‍ദീപ് സെനും പുറത്തായി. അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കുമാണ് ടീമിലെത്തിയത്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തി. പരിക്ക് കാരണം ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, ടീമിലെത്തി.

മെഹിദിക്ക് സെഞ്ചുറി, തകര്‍ച്ചയില്‍ നിന്ന് കയറി ബംഗ്ലാദേശ്; ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ മികച്ച സ്‌കോര്‍