ഇന്ത്യക്കെതിരായ പരമ്പരയിൽ ബട്ലറും സ്റ്റോക്സും വോക്സും തിരിച്ചെത്തിയാൽ കാര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടും. എന്നാൽ ബാറ്റിം​ഗ് ലൈനപ്പിൽ മാറ്റം വരുത്താതെ മികച്ചൊരു ബൗളിം​ഗ് നിരക്കെതിരെ വലിയ സ്കോറുകൾ നേടാനാവില്ല.

ലണ്ടൻ: ബാറ്റിം​ഗ് നിര അവസരത്തിനൊത്തുയർന്ന് മികവു കാട്ടിയില്ലെങ്കിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇം​ഗ്ലണ്ട് പാടുപെടുമെന്ന് മുൻ ഇം​ഗ്ലണ്ട് നായകൻ മൈക്കൽ വോൺ. തന്ത്രപരമായ പാളിച്ചകളും റൊട്ടേഷൻ പോളിസിയുമാണ് ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനെ പരാജയങ്ങളിലേക്ക് തള്ളിവിട്ടതെന്നും വോൺ പറഞ്ഞു.

ശ്രീലങ്കയെ 2-0ന് തോൽപ്പിച്ച ഇം​ഗ്ലണ്ട് പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും വെസ്റ്റ് ഇൻഡീസിനെയും തോൽപ്പിച്ച് മികച്ച രീതിയിൽ മുന്നേറുകയായിരുന്നു. അതിനുശേഷമാണ് അവർ ഇന്ത്യയിലേക്ക് പോകുന്നത്. ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ജയിച്ചു. റൂട്ട് ഡബിൾ സെഞ്ചുറി നേടി. മൂന്ന് ദിവസത്തിനുശേഷം നടന്ന ടെസ്റ്റിൽ അവർ റൊട്ടേഷൻ പോളിസി നടപ്പാക്കി തുടങ്ങി. അതിനുശേഷം ഒരിക്കലും ഇം​ഗ്ലണ്ടിന് ടെസ്റ്റിൽ നിലയുറപ്പിക്കാനായിട്ടില്ല. തന്ത്രപരമായും തൊട്ടതെല്ലാം പിഴച്ചു.

ഇന്ത്യക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ബീച്ചുപോലെയുള്ള പിച്ചിൽ നാലു പേസർമാരും ഒരു സ്പിന്നറുമായാണ് അവർ കളിക്കാനിറങ്ങിയതെന്നും റോഡ് ടു ആഷസ് പോഡ്കാസ്റ്റിൽ വോൺ പറഞ്ഞു.വരണ്ട കാലാവസ്ഥയിൽ മത്സരങ്ങൾ നടന്നിട്ടും ന്യൂസിലൻഡിനെതിരായ കഴി‍ഞ്ഞ പരമ്പരയിലും ഇം​ഗ്ലണ്ട് സ്പിന്നർമാരെ കളിപ്പിച്ചില്ല. ലോർഡ്സ് ടെസ്റ്റിൽ സ്പിന്നർമാർക്ക് അനുകൂലമാകുന്ന സാഹചര്യങ്ങളിൽ ഇം​ഗ്ലണ്ട് ടീമിൽ ഒറ്റ സ്പിന്നറില്ലായിരുന്നു. എഡ്ജ്ബാസ്റ്റണിലും അവർ സ്പിന്നറെ കളിപ്പിച്ചില്ല. ബാറ്റിം​ഗ് നിരയാകട്ടെ പതറുന്ന അവസ്ഥയിലായിരുന്നു.

ഇന്ത്യക്കെതിരായ പരമ്പരയിൽ ബട്ലറും സ്റ്റോക്സും വോക്സും തിരിച്ചെത്തിയാൽ കാര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടും. എന്നാൽ ബാറ്റിം​ഗ് ലൈനപ്പിൽ മാറ്റം വരുത്താതെ മികച്ചൊരു ബൗളിം​ഗ് നിരക്കെതിരെ വലിയ സ്കോറുകൾ നേടാനാവില്ല. അവർ ഇന്ത്യയോട് എങ്ങനെയാണ് പിടിച്ചു നിൽക്കുക എന്ന് എനിക്കറിയില്ല. ഇന്ത്യയുടെ ശക്തമായ ബൗളിം​ഗിനെതിരെ പിടിച്ചു നിൽക്കാൻ ഇം​ഗ്ലണ്ട് പാടുപെടുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്.

അതിനുശേഷം ഓസ്ട്രേലിയയിലേക്കാണ് അവർ പോവേണ്ടത്. ബാറ്റിം​ഗ് നിരയിൽ ഒന്നോ രണ്ടോ പേരെ മാറ്റാതെ 400-450-റൺസ് നേടാനാവില്ലെന്നും വോൺ പറഞ്ഞു. ഓ​ഗസ്റ്റ് നാലു മുതലാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.