ബാസ്‌ബോള്‍ യുഗത്തിലാദ്യമായി നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് മൂക്കുംകുത്തി വീണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

റാഞ്ചി: 'അവസാന ഇന്നിംഗ്‌സില്‍ വേണമെങ്കില്‍ ഒറ്റദിനം കൊണ്ട് 400 റണ്‍സ് അടിക്കാന്‍ കെല്‍പുള്ള ടീം'- ഇങ്ങനെയൊരു വിശേഷണമുള്ള പുരുഷ ക്രിക്കറ്റ് ടീമാണ് ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനും ബ്രണ്ടന്‍ മക്കല്ലം പരിശീലകനുമായ ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം തുടക്കമിട്ട 'ബാസ്ബോള്‍' ശൈലിയുടെ പ്രത്യേകതയായിരുന്നു ഇത്. എന്നാല്‍ റാഞ്ചിയില്‍ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് അവരുടെ രണ്ടാം ഇന്നിംഗ്‌സില്‍ 53.5 ഓവറില്‍ വെറും 145 റണ്‍സില്‍ ഓള്‍ഔട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്പിന്‍ കെണിയില്‍ തലതാഴ്ത്തുകയായിരുന്നു ബെന്‍ സ്റ്റോക്‌സും സംഘവും. ഇതോടെ നാണക്കേടിന്‍റെ ഒരു റെക്കോര്‍ഡ് ഇംഗ്ലണ്ടിന്‍റെ പേരിലായി. 

ബെന്‍ സ്റ്റോക്‌സും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്നുള്ള ബാസ‌്ബോള്‍ ശൈലി തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ മൂന്നില്‍ താഴെ റണ്‍റേറ്റില്‍ ബാറ്റിംഗ് പൂര്‍ത്തിയാക്കിയത്. റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ 2.69 റണ്‍റേറ്റ് മാത്രമേയുള്ളൂ ഇംഗ്ലണ്ട് ടീമിന്. 

Scroll to load tweet…

ടെസ്റ്റ് കരിയറിലെ 35-ാം അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌ത സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍റെ ബൗളിംഗ് പ്രകടനത്തിന് മുന്നിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 145 റണ്‍സില്‍ ഓള്‍ഔട്ടായത്. കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റ് വീഴ്ത്തി. 60 റണ്‍സെടുത്ത സാക് ക്രോലി മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ബെന്‍ ഡക്കെറ്റ് 15നും ഓലീ പോപ് പൂജ്യത്തിനും ജോ റൂട്ട് 11നും ജോണി ബെയ്‌ര്‍സ്റ്റോ 30നും ബെന്‍ സ്റ്റോക്‌സ് നാലിനും ടോം ഹാര്‍ട്‌ലി ഏഴിനും ഓലീ റോബിന്‍സണ്‍ പൂജ്യത്തിനും ബെന്‍ ഫോക്‌സിനും 17നും ജിമ്മി ആന്‍ഡേഴ്‌സണ്‍ പൂജ്യത്തിനും പുറത്തായി. നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 353 റണ്‍സ് പിന്തുടര്‍ന്ന ടീം ഇന്ത്യ 307 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ സ്വന്തമായ 46 റണ്‍സിന്‍റെ ലീഡ് മുതലാക്കാന്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ സ്പിന്‍ ത്രയം അനുവദിക്കാതെ വരികയായിരുന്നു. 

Read more: ബാസ്‌ബോളിന് മരണമണി; റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ത്രില്ല‍ര്‍ ജയത്തിലേക്ക്, അവിശ്വസനീയ തിരിച്ചുവരവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം