2014ൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലിയെ ഹോം ടെസ്റ്റിനിടെ ഗാസയുമായി ബന്ധപ്പെട്ട സന്ദേശങ്ങളുള്ള റിസ്റ്റ് ബാൻഡ് ധരിക്കുന്നതിൽ നിന്ന് ഐസിസി വിലക്കിയിരുന്നു.
ദില്ലി: മത്സരത്തിനിടെ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ ഷൂ ധരിക്കാൻ വിലക്കിയതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പരിശീലന സെഷനുകളിൽ 36 കാരനായ ഖ്വാജ, 'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്, എല്ലാ ജീവിതങ്ങളും തുല്യമാണ്'- എന്നീ വാക്യങ്ങളെഴുതിയ ഷൂ ധരിച്ചിരുന്നു. രാഷ്ട്രീയ പ്രസ്താവന എന്നതിലുപരി മനുഷ്യത്വപരമായ അഭ്യർത്ഥനയാണ് തന്റെ ഉദ്ദേശമെന്ന് ഖവാജ വ്യക്തമാക്കി. ശബ്ദമില്ലാത്തവർക്കുവേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് ഖവാജ പറഞ്ഞു. തന്റെ തീരുമാനത്തെ രാഷ്ട്രീയ പ്രസ്താവനയായി കണക്കാക്കിയ ഐസിസി തീരുമാനത്തെ അംഗീകരിക്കുന്നതായും എങ്കിലും അംഗീകാരത്തിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടേ? എല്ലാ ജീവനും തുല്യമല്ലേയെന്നും സോഷ്യൽ മീഡിയയിലെ വികാരഭരിതമായ വീഡിയോ സന്ദേശത്തിൽ ഖവാജ ചോദിച്ചു.
എന്നെ സംബന്ധിച്ചിടത്തോളം ഇത് മതപരമോ സാംസ്കാരികമോ ആയ മാത്രം പ്രശ്നമല്ല. മൈതാനത്ത് മുദ്രാവാക്യമെഴുതിയ ഷൂ ധരിക്കാൻ കഴിയില്ലെന്ന് ഐസിസി എന്നോട് പറഞ്ഞു. അത് അവരുടെ മാനദണ്ഡപ്രകാരമാണ്. എന്നാൽ ഇതൊരു മാനുഷിക അഭ്യർത്ഥനയാണെന്നും ഖവാജ പറഞ്ഞു. ഞാൻ അവരുടെ വീക്ഷണത്തെയും തീരുമാനത്തെയും മാനിക്കും. പക്ഷേ ഞാൻ അതിനെതിരെ പോരാടുകയും അംഗീകാരം നേടുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കളിക്കാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്തുണക്കുമെങ്കിലും മത്സരങ്ങൾക്കിടെ ഐസിസി നിയമങ്ങൾ അംഗീകരിക്കണമെന്നാണ് നിലപാട്. 2014ൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലിയെ ഹോം ടെസ്റ്റിനിടെ ഗാസയുമായി ബന്ധപ്പെട്ട സന്ദേശങ്ങളുള്ള റിസ്റ്റ് ബാൻഡ് ധരിക്കുന്നതിൽ നിന്ന് ഐസിസി വിലക്കിയിരുന്നു. ഖവാജയുടെ ഷൂസ് സമാധാനപരവും മാന്യവുമായ അഭിപ്രായ പ്രകടനമാണെന്ന് ഓസ്‌ട്രേലിയൻ കായിക മന്ത്രി അനിക വെൽസ് പറഞ്ഞു.
