ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ താല്‍ക്കാലിക നായകനായ 15കാരന്‍ വൈഭവ് സൂര്യവംശി, സെന്‍ട്രല്‍ സോണിനെതിരെ നിര്‍ണായകമായ ഒരു ഡിആര്‍എസ് റിവ്യൂ കൃത്യമായി ഉപയോഗിച്ച് ശ്രദ്ധ നേടി. ഇഷാന്‍ കിഷന് പകരമെത്തിയ വൈഭവ്, ഫീല്‍ഡ് അമ്പയറുടെ തീരുമാനം തിരുത്തിച്ച ഈ നീക്കത്തിലൂടെ തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു.

ബെംഗളൂരു: ദുലീപ് ട്രോഫി സെമിഫൈനലില്‍ ഈസ്റ്റ് സോണിന്റെ താല്‍ക്കാലിക നായകനായി അരങ്ങേറി ചരിത്രനേട്ടം കുറിച്ചിരുന്നു 15കാരന്‍ വൈഭവ് സൂര്യവംശി. ശേഷം തന്റെ തുടക്കം വര്‍ണാഭമാക്കാന്‍ വൈഭവിന് സാധിച്ചു. സെന്‍ട്രല്‍ സോണിനെതിരായ മത്സരത്തിനിടയില്‍ തന്റെ കരിയറിലെ ആദ്യത്തെ ഡി ആര്‍ എസ് റിവ്യൂ കൃത്യമായി വിനിയോഗിച്ച് ഈ കൗമാര താരം വീണ്ടും ആരാധകരുടെ കയ്യടി നേടി.

മത്സരത്തിന്റെ 40-ാം ഓവറിലാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഫാസ്റ്റ് ബോളര്‍ മുകേഷ് കുമാറിന്റെ പന്തില്‍ സെന്‍ട്രല്‍ സോണ്‍ ബാറ്റ്സ്മാന്‍ ആര്യന്‍ ജുയാലിനെതിരെ എഡ്ജ് ആയതായി അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിച്ചിരുന്നില്ല. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വൈഭവ് സൂര്യവംശി പന്ത് ബാറ്റില്‍ ഉരസിയെന്ന് ഉറച്ചു വിശ്വസിക്കുകയും, മാനിച്ച് റിവ്യൂ എടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Scroll to load tweet…

റീപ്ലേകളില്‍ അള്‍ട്രാ എഡ്ജിലൂടെ പന്ത് ബാറ്റില്‍ തൊട്ടതായി വ്യക്തമായതോടെ അമ്പയര്‍ക്ക് തന്റെ തീരുമാനം മാറ്റേണ്ടിവന്നു. കരിയറിലെ ആദ്യ റിവ്യൂ തന്നെ വിജയകരമാക്കിയതിന്റെ ആവേശത്തിലായിരുന്നു വൈഭവും കൂട്ടുകാരും. വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയും ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു. ഈ നിര്‍ണായക വിക്കറ്റ് വീഴ്ചയോടെ സെന്‍ട്രല്‍ സോണ്‍ 40 ഓവറില്‍ 99 റന്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

മത്സരത്തിനിടയില്‍ പരിക്കേറ്റ സ്ഥിരം ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പകരമാണ് വൈഭവ് ചുരുങ്ങിയ സമയത്തേക്ക് നായകസ്ഥാനം ഏറ്റെടുത്തത്. വിരലിന് പരിക്കേറ്റ കിഷന്‍ പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുത്തിരുന്നില്ല. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയും ഇന്ത്യക്കായി നടത്തിയ അവിസ്മരണീയ മുന്നേറ്റങ്ങളിലൂടെയും ഇതിനകം ശ്രദ്ധേയനായ വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ റോളിലും തനിക്ക് തിളങ്ങാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ്.

YouTube video player