ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷന് പകരം യുവതാരം വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിൽ എത്തിയേക്കും. ഇഷാന് വലത് തുടയിലേറ്റ പരിക്കിനെ തുടർന്ന് വൈഭവിന് അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് വ്യക്തമാക്കി.

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ ഒന്നാം മത്സരത്തിലും താരത്തിന് ബെഞ്ചിലിരിക്കേണ്ടി വന്നിരുന്നു. ഹാഗ്ലി ഓവലില്‍ നടക്കുന്ന രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ പരിക്കിനെക്കുറിച്ചും വൈഭവ് സൂര്യവംശിക്ക് ലഭിച്ചേക്കാവുന്ന അവസരത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒന്നാം ടി20 മത്സരത്തില്‍ തിലക് വര്‍മയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കൊട്ടക് ഇഷാന്‍ കിഷന്റെ പരിക്കിന്റെ കാര്യം പുറത്തുവിട്ടത്. 'ഇഷാന് വലത് തുടയിലേറ്റ ചെറിയ പരിക്കേറ്റതിനെ തുടര്‍ന്നാണ് ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയത്.' കൊട്ടക് മാധ്യമങ്ങളോട് പറഞ്ഞു. താരം നാളത്തെ മത്സരത്തിലും കളിക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഔദ്യോഗിക പ്രസ്താവനയിലൂടെ ബിസിസിഐയും ഇക്കാര്യം സ്ഥിരീകരിച്ചു. ഇഷാന്‍ കിഷന്‍ സാധാരണയായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാറുള്ളത്. അദ്ദേഹം പുറത്തായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശിക്ക് നറുക്കുവീണേക്കാം. എന്നാല്‍ വൈഭവ് പ്ലേയിംഗ് ഇലവനിലുണ്ടാവുമോ എന്ന് കോച്ച് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. 'ഇഷാന്‍ പൂര്‍ണമായി സുഖം പ്രാപിക്കുന്നില്ലെങ്കില്‍, മെഡിക്കല്‍ ടീമിന്റെ ഉപദേശപ്രകാരം വൈഭവ് അദ്ദേഹത്തിന് പകരം ടീമിലെത്താന്‍ സാധ്യതയുണ്ട്. അതിനുള്ള ഏറ്റവും ശക്തമായ സാധ്യത വൈഭവിനാണ്.' കൊട്ടക് വ്യക്തമാക്കി.

നേരത്തെ, അഭിഷേക് ശര്‍മയും സഞ്ജു സാംസണും മികച്ച ഫോമില്‍ തുടരുന്നതിനാല്‍ വൈഭവ് സൂര്യവംശിക്ക് ഓപ്പണിംഗ് സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കിയിരുന്നു. വിദേശ പിച്ചുകളില്‍ കളിക്കുമ്പോള്‍ അവിടത്തെ സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ വൈഭവിനെ സഹായിക്കുമെന്നും, അടുത്ത തവണ ഇവിടെ വരുമ്പോള്‍ താരം കൂടുതല്‍ തയ്യാറെടുപ്പുകളോടെയെത്തുമെന്നും ശ്രേയസ് പറഞ്ഞിരുന്നു.

YouTube video player