രാജസ്ഥാന്‍ റോയല്‍സിന്റെ 15-കാരൻ താരം വൈഭവ് സൂര്യവന്‍ഷി ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു. ടി20യില്‍ 200 റണ്‍സ് നേടുന്ന ആദ്യ താരമാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, ക്രിസ് ഗെയ്ലിന്റെ 175 റണ്‍സ് എന്ന റെക്കോര്‍ഡ് തകര്‍ക്കുമെന്നും വൈഭവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

മുംബൈ: പ്രായം വെറും 15 വയസ്സ് മാത്രമാണെങ്കിലും, ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രഖ്യാപനവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവന്‍ഷി. അര്‍ധ സെഞ്ചുറികളോ സെഞ്ചുറികളോ കണ്ട് തൃപ്തിപ്പെടാന്‍ ഈ കൗമാര പ്രതിഭ തയാറല്ല. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്നേവരെ ആരും കൈവരിക്കാത്ത ഒരു അപൂര്‍വ നേട്ടമാണ് വൈഭവ് ലക്ഷ്യമിടുന്നത്. ടി20യില്‍ 200 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററാകുക എന്നതാണ് വൈവഭവിന്റെ ലക്ഷ്യം.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് വൈഭവ് തന്റെ ഈ ലക്ഷ്യം വെളിപ്പെടുത്തിയത്. അര്‍ധ സെഞ്ചുറികള്‍ ആഘോഷിക്കാന്‍ ഇഷ്ടമാണോ എന്ന പീറ്റേഴ്‌സന്റെ ചോദ്യത്തിന്, 'ഇല്ല, അത്രയ്ക്കില്ല' എന്നായിരുന്നു വൈഭവിന്റെ ലളിതമായ മറുപടി. തുടര്‍ന്ന് തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. ''എനിക്ക് ടി20യില്‍ 200 റണ്‍സ് നേടണം. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 200 റണ്‍സ് തികയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏതൊരു മത്സരത്തിലും എനിക്ക് പൂര്‍ണമായി 20 ഓവറും ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍, ആ 175 റണ്‍സിന്റെ റെക്കോര്‍ഡ് എനിക്ക് തകര്‍ക്കാന്‍ കഴിയും.'' വൈഭവ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ക്രിസ് ഗെയ്ല്‍ പുറത്താകാതെ നേടിയ 175 റണ്‍സാണ് നിലവില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഒരു ദശകത്തിലേറെയായിട്ടും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 90കളില്‍ എത്തിനില്‍ക്കുമ്പോള്‍ സമ്മര്‍ദ്ദം തോന്നാറുണ്ടോ എന്ന ചോദ്യത്തിന്, താന്‍ എപ്പോഴും സ്വാഭാവികമായ ശൈലിയിലാണ് കളിക്കാറെന്നും സമ്മര്‍ദ്ദത്തിന് അടിപ്പെടാറില്ലെന്നും വൈഭവ് കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റിലെ 335* റണ്‍സ്

തന്റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സിനെക്കുറിച്ച് പീറ്റേഴ്‌സന്‍ ചോദിച്ചപ്പോള്‍, ഒഫീഷ്യല്‍ റെക്കോര്‍ഡുകളില്‍ ഇല്ലാത്ത ഒരു അവിശ്വസനീയ ഇന്നിങ്‌സിനെക്കുറിച്ചാണ് വൈഭവ് വെളിപ്പെടുത്തിയത്. സംസ്ഥാനത്തിന് വേണ്ടിയുള്ള ഒരു ആഭ്യന്തര മത്സരത്തില്‍, 50 ഓവറും പൂര്‍ണ്ണമായി ബാറ്റ് ചെയ്ത് താന്‍ പുറത്താകാതെ 335 റണ്‍സ് നേടിയിട്ടുണ്ടെന്നാണ് വൈഭവ് വ്യക്തമാക്കിയത്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള താരത്തിന്റെ കായികക്ഷമതയും റണ്‍സിനോടുള്ള ആര്‍ത്തിയുമാണ് ഇത് കാണിക്കുന്നത്.

YouTube video player