വിസ്ഡന്റെ 'ദി സ്കൂപ്പ്' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡെഹ്‌റിംഗ് വിന്‍ഡീസ് ക്രിക്കറ്റിന്‍റെ നിലവിലെ ദയനീയ അവസ്ഥ വെളിപ്പെടുത്തിയത്.

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുന്ന ഏത് പരമ്പരയും കോടികളുടെ സാമ്പത്തിക ലാഭം കൊയ്യുന്ന ഒന്നാണെങ്കിലും അതിൽ നിന്ന് വെസ്റ്റ് ഇൻഡീസിന് വരുമാനമൊന്നും ലഭിക്കില്ലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് സിഇഒ ക്രിസ് ഡെഹ്‌റിംഗ്. നിലവിൽ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിലൂടെ 20 മില്യൺ മുതൽ 30 മില്യൺ ഡോളർ വരെ (ഏകദേശം 193 - 285 കോടി രൂപ) വരുമാനം പ്രതീക്ഷിക്കുമ്പോഴും വിൻഡീസ് ക്രിക്കറ്റിന് ഒന്നും ലഭിക്കില്ല. ദ്വിരാഷ്ട്ര പരമ്പരകളിൽ നിന്നുള്ള വരുമാനം മുഴുവൻ ആതിഥേയ രാജ്യത്തിന് നൽകുന്ന ഐസിസിയുടെ വരുമാനം പങ്കുവെക്കൽ രീതിയെ ക്രിസ് ഡെഹ്‌റിംഗ്രൂക്ഷമായി വിമർശിച്ചു.

വിസ്ഡന്റെ 'ദി സ്കൂപ്പ്' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡെഹ്‌റിംഗ് വിന്‍ഡീസ് ക്രിക്കറ്റിന്‍റെ നിലവിലെ ദയനീയ അവസ്ഥ വെളിപ്പെടുത്തിയത്. 1997-ൽ ഐസിസി അംഗരാജ്യങ്ങൾ വോട്ട് ചെയ്ത് നടപ്പിലാക്കിയ പുതിയ സാമ്പത്തിക രീതിയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്‍റെ തകർച്ചയ്ക്ക് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിന് മുമ്പ് വിദേശ പരമ്പരകളിൽ പങ്കെടുക്കുമ്പോൾ വിൻഡീസിന് വലിയ തുക ടൂറിങ് ഫീസായി ലഭിച്ചിരുന്നു. സ്വന്തം നാട്ടിൽ പരമ്പരകൾ നടത്തുമ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ തുകയായിരുന്നു ഇത്. എന്നാൽ 1997-ൽ ഒമ്പതിനെതിരെ ഒരു വോട്ടിന് ഈ നിർദ്ദേശം തള്ളപ്പെടുകയും വരുമാനം മുഴുവൻ ആതിഥേയ രാജ്യങ്ങൾക്ക് മാത്രം നൽകുന്ന രീതി നിലവിൽ വരികയും ചെയ്തു.

ഈ നിയമമാറ്റം വിന്‍ഡീസ് ക്രിക്കറ്റിന് താങ്ങാനാകാത്ത തിരിച്ചടിയായെന്ന് ഡെഹ്‌റിംഗ് ചൂണ്ടിക്കാട്ടുന്നു. 150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയിലെ വലിയ ക്രിക്കറ്റ് വിപണിയിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ ബിസിസിഐ സ്വന്തമാക്കുമ്പോൾ, ലക്ഷങ്ങൾ മാത്രം ജനസംഖ്യയുള്ള ആന്‍റിഗ്വ, സെന്‍റ് കിറ്റ്സ് തുടങ്ങിയ ചെറിയ കരീബിയൻ ദ്വീപുകളിൽ നിന്നുള്ള കുറഞ്ഞ വരുമാനം കൊണ്ട് മാത്രമാണ് തങ്ങൾക്ക് മുന്നോട്ട് പോകേണ്ടി വരുന്നത്. നിലവിൽ ഐസിസിയുടെ മൊത്തം വരുമാന വിഹിതത്തിൽ ഇന്ത്യക്ക് 38 ശതമാനത്തിലധികം ലഭിക്കുമ്പോൾ, വെസ്റ്റ് ഇൻഡീസിന് ലഭിക്കുന്നത് കേവലം 5 ശതമാനം മാത്രമാണ്.

മുൻ വിൻഡീസ് ബോർഡ് പ്രസിഡന്‍റ് ഡേവ് കാമറൂണും നിലവിലെ വരുമാനം പങ്കുവെക്കൽ രീതിക്കെതിരെ മുൻപ് രംഗത്തുവന്നിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനും കരാർ കാലാവധി ചുരുക്കാനും അടുത്തിടെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് നിര്‍ബന്ധിതരായിരുന്നു. ഇത് കളിക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുകയും, ദേശീയ ടീമിനായി കളിക്കുന്നതിന് പകരം ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു കാലത്ത് ലോക ക്രിക്കറ്റ് ഭരിച്ചിരുന്ന വിൻഡീസ് ടീമിന്‍റെ ഇന്നത്തെ തകർച്ചയ്ക്ക് പ്രധാന കാരണം ഈ അസമത്വം നിറഞ്ഞ സാമ്പത്തിക നയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക