ഐപിഎല്‍ 2026 സീസണില്‍ നാല് പ്രധാന പുരസ്‌കാരങ്ങള്‍ നേടി രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി താരമായി. ടൂര്‍ണമെന്റിലെ ടോപ് സ്കോററായ താരം, അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്നും ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അഹമ്മദാബാദ്: ഐപിഎല്‍ 2026 സീസണിലെ അവാര്‍ഡുകള്‍ ഒന്നടങ്കം തൂത്തുവാരി രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. സ്വപ്നതുല്യമായ സീസണ്‍ പ്രകടനത്തിന് പിന്നാലെ സീസണിലെ ഏറ്റവും മൂല്യമേറിയ താരം, എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍ എന്നിങ്ങനെ നാല് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങളാണ് സൂര്യവംശി സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ ഏറ്റവും ഭയപ്പെടേണ്ട ബാറ്റര്‍മാരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ ഇടങ്കയ്യന്‍ താരം സീസണ്‍ അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോക ക്രിക്കറ്റിലെ വമ്പന്‍ ബൗളര്‍മാരെപ്പോലും ഭയമില്ലാതെ നേരിട്ട സൂര്യവംശി, 16 ഇന്നിംഗ്‌സുകളില്‍ നിന്നായി 776 റണ്‍സ് അടിച്ചുകൂട്ടി സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി. 72 സിക്‌സറുകളാണ് ഈ കൗമാരക്കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സീസണില്‍ മറ്റേതൊരു ബാറ്ററേക്കാളും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരവും സൂര്യവംശി തന്നെ. ക്രിസ് ഗെയിലിന്റെ ചരിത്രപ്രസിദ്ധമായ 30 പന്തിലെ സെഞ്ചുറി റിക്കോര്‍ഡിന് തൊട്ടരികില്‍ വരെ എത്താന്‍ സൂര്യവംശിക്ക് സാധിച്ചു. സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ 2 വരെ എത്തിയത്. എന്നാല്‍ അവിടെ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ടീം പുറത്താവുകയായിരുന്നു.

പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെ, തനിക്ക് മേലുള്ള പ്രതീക്ഷകളുടെ സമ്മര്‍ദ്ദം തിരിച്ചറിയുന്നുണ്ടെന്ന് സൂര്യവംശി സമ്മതിച്ചു. എങ്കിലും അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്ന് താരം ഉറപ്പുനല്‍കി. ''വളരെ സന്തോഷം തോന്നുന്നു. അടുത്ത സീസണില്‍ എന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും. എന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. നേരിടുന്ന ആദ്യ പന്ത് എന്റെ പരിധിയിലാണ് വരുന്നതെങ്കില്‍ ഞാന്‍ അതിര്‍ത്ത് കടത്താന്‍ ശ്രമിക്കും.'' സൂര്യവംശി പറഞ്ഞു.

പ്ലേ-ഓഫ് മത്സരങ്ങളില്‍ നിന്ന് സമ്മര്‍ദ്ദഘട്ടങ്ങളെ എങ്ങനെ നേരിടണമെന്നും മാച്ച് സിറ്റുവേഷന്‍ അനുസരിച്ച് എങ്ങനെ കളിക്കണമെന്നും പഠിച്ചതായും താരം കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചിട്ടും, തന്റെ ഫിറ്റ്‌നസ് ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന സൂര്യവംശിയുടെ വാക്കുകളാണ് എതിരാളികളെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ''എനിക്ക് ദീര്‍ഘകാലം കളിക്കണമെങ്കില്‍ പരിക്കേല്‍ക്കാതെ നോക്കണം. അതുകൊണ്ട് തന്നെ ഇനി എന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിലായിരിക്കും ശ്രദ്ധ.''താരം വ്യക്തമാക്കി.

YouTube video player