ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത് വിരാട് കോലിയുടെ തകർപ്പൻ പ്രകടനമാണ്. 42 പന്തിൽ 75 റൺസ് നേടിയ കോലി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി, ഈ വിജയത്തോടെ ആർസിബി തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി.

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ആര്‍സിബിയും തമ്മിലുള്ള വ്യത്യാസം വിരാട് കോലിയായിരുന്നു. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ ടീമിനെ ഒറ്റയ്ക്കയാള്‍ ചുമലിലേറ്റി. ഒരിക്കല്‍ കൂടി കോലി, ചേസ് മാസ്റ്ററായി. കളത്തില്‍ കോലിയുണ്ടെങ്കില്‍ ഏത് ലക്ഷ്യവും നിസ്സാരം. ഏത് സമ്മര്‍ദവും ഒറ്റയ്ക്കയാള്‍ ഏറ്റെടുക്കും. വേദിയും ഫോര്‍മാറ്റും കുപ്പായവും മാറും, പക്ഷേ കോലി മാത്രം മാറില്ല. തന്റെ മുപ്പത്തിയേഴാം വയസില്‍ വെടിക്കെട്ട് ബാറ്റര്‍മാരുടെ വസന്തകാലത്ത് ടൂര്‍ണമെന്റില്‍ ഏറ്റവും റണ്‍സ് നേടിയ നാല് പേരില്‍ ഒരാള്‍ വിരാട് കോലിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

16 മത്സരങ്ങിളില്‍ 675 റണ്‍സ്. ഫൈനലില്‍ 42 പന്തില്‍ 75 റണ്‍സുമായി മാന്‍ ഓഫ് ദ മാച്ച്. വിജയങ്ങളോടുള്ള അടങ്ങാത്ത ദാഹമാണ് കോലിയെ വ്യത്യസ്തനാക്കുന്നത്. ഒരോ വിക്കറ്റിലും റണ്ണിലും സഹകളിക്കാര്‍ക്കായി ആനന്ദിക്കുന്ന അവരുടെ വീഴ്ചകളില്‍ ദുഖിക്കുന്ന കംപ്ലീറ്റ് ടീം മാന്‍ അഹമ്മദാബാദില്‍ വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ അവസാനം വരെ താന്‍ ക്രീസില്‍ വേണമെന്ന് ഉറപ്പിച്ചിരുന്നു അയാള്‍. സ്‌കോര്‍ 63ല്‍ നില്‍ക്കുന്‌പോഴുണ്ടായ പിഴവ് ശുഭ്മാന്‍ ഗില്‍ കൈപ്പിടിയിലൊതുക്കിയപ്പോള്‍ അത് ക്യാച്ചല്ലെന്ന് വാദിച്ച് ജയിച്ച് അതില്‍ ആനന്ദിക്കുന്ന കോലിയേയും കണ്ടു.

പൂര്‍ണതയെന്ന് കഴിഞ്ഞ വര്‍ഷം വാഴ്ത്തിയവര്‍ പുതിയ വാക്കുകള്‍ തേടുകയാണ് കോലിക്കായി. രാജാവെന്നും മാസ്റ്ററെന്നും വിളിക്കപ്പെടുമ്പോഴും അയാള്‍ ക്രിക്കറ്റിന്റെ കോലിയായി നിന്നു. ഒരേ ഒരു വിരാട് കോലി. ആനന്ദത്തിന്റെ തീവ്രതയില്‍ കോലി ആഘോഷിക്കുകയാണ്. ഇനി അയാള്‍ക്ക് മുന്നിലുള്ളത് വലിയൊരു ലക്ഷ്യം. ഏകദിനത്തിലെ ലോക കിരീടം.

ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം നേടിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 18 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 75 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.

YouTube video player