കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൊല്ലം സെയ്ലേഴ്സ് നായകന്‍ വത്സല്‍ ഗോവിന്ദ് തകർപ്പൻ അര്‍ദ്ധസെഞ്ചുറി നേടി. 46 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടിയ വത്സലിന്റെ പ്രകടനത്തിന്റെ മികവില്‍ കൊല്ലം 158 റണ്‍സ് നേടി. ഈ സീസണിലെ രണ്ടാം അര്‍ദ്ധശതകം കുറിച്ച താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൊല്ലം സെയ്ലേഴ്സ് നായകന്‍ വത്സല്‍ ഗോവിന്ദിന് അര്‍ദ്ധസെഞ്ചുറി. ഈ സീസണിലെ തന്റെ രണ്ടാം അര്‍ദ്ധശതകം കുറിച്ച വത്സലിന്റെ നായകമികവിലാണ് കൊല്ലം സ്‌കോര്‍ 158 ല്‍ എത്തിച്ചത്. 28 പന്തുകളില്‍ നിന്ന് തന്റെ രണ്ടാം ഫിഫ്റ്റി സ്വന്തമാക്കിയ താരം 46 പന്തുകളില്‍ നിന്ന് 77 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. മൂന്ന് സിക്‌സും എട്ടു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്.
മികച്ച ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ അഭിഷേക് ജെ നായര്‍ക്കൊപ്പം ഇന്നിങ്‌സ് ആരംഭിച്ച വത്സല്‍ തുടക്കം മുതല്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെയാണ് ബാറ്റ് വീശിയത്. മനു കൃഷ്ണനെ ബൗണ്ടറി പായിച്ച് ആക്രമണത്തിന് തുടക്കമിട്ട വത്സല്‍ കൊച്ചി നായകന്‍ സാലി എറിഞ്ഞ ഓവറില്‍ തന്റെ ആദ്യ സിക്‌സറും പറത്തി. അതേ ഓവറിലെ അവസാന പന്തില്‍ താരം ബൗണ്ടറിയും കണ്ടെത്തി. ജെറിനെതിരെ രണ്ട് തവണ പന്ത് അതിര്‍ത്തി കടത്തിയ വത്സലിന് മുന്നില്‍ കൊച്ചിയുടെ പേസ് കുന്തമുനയായ ബേസില്‍ തമ്പിക്കും അടിതെറ്റി. ബേസില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികള്‍ നേടിയ അദ്ദേഹം, പത്താം ഓവറില്‍ ബേസിലിനെ സിക്‌സര്‍ പറത്തി കൊല്ലത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി.
ഒന്നാം വിക്കറ്റില്‍ അഭിഷേകിനൊപ്പം ചേര്‍ന്ന് 60 പന്തില്‍ 99 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് വത്സല്‍ പടുത്തുയര്‍ത്തിയത്. ഈ ഓപ്പണിങ് കരുത്തിലാണ് കൊല്ലം സെയ്ലേഴ്സ് 158 റണ്‍സ് എന്ന സ്‌കോറിലേക്ക് എത്തിയത്. ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധസെഞ്ചുറികളടക്കം 267 റണ്‍സ് അടിച്ചുകൂട്ടിയ വത്സല്‍, ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

