പരിക്ക് മാറി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇക്കകഴിഞ്ഞ പരമ്പരകളിലൊന്നും സെലക്ഷൻ കമ്മിറ്റി ഷമിയെ പരിഗണിച്ചിരുന്നില്ല.
മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഈ മാസം പതിനൊന്നിന് വഡോദരയിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാവുക. പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഏകദിന ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ആകാംക്ഷയത്രയും ഷമിയിൽ.
പരിക്ക് മാറി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇക്കകഴിഞ്ഞ പരമ്പരകളിലൊന്നും സെലക്ഷൻ കമ്മിറ്റി ഷമിയെ പരിഗണിച്ചിരുന്നില്ല. ടി20 ലോകകപ്പിന് ഒരുങ്ങാൻ ജസ്പ്രീത് ബുമ്രയ്ക്കും ഹാർദിക് പാണ്ഡ്യക്കും വിശ്രമം നൽകാൻ തീരുമാനിച്ചതോടെ ഷമി ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിക്കിൽനിന്ന് മുക്തനായ ക്യാപ്റ്റൻ ശുഭമൻ ടീമിൽ തിരിച്ചെത്തുമെന്നുറപ്പ്. പക്ഷേ, വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ബെംഗളുരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ ചികിത്സയും പരിശീലനവും നടത്തുന്ന ശ്രേയസിന് മെഡിക്കൽ ടീമിന്‍റെ റിപ്പോർട്ട് നിർണായകമാവും.
ശ്രേയസ് പുറത്തിരിക്കുകയാണെങ്കിൽ റുതുരാജ് ഗെയ്ക്‍വാദ് തുടർന്നേക്കും. വിജയ് ഹസാരെയിൽ റൺവാരിക്കൂട്ടിയ ദേവ്ദത്ത് പടിക്കലും പരിഗണനയിൽ. രണ്ടാം കീപ്പറായി റിഷഭ് പന്തിനെ ടീമിൽ നിലനിർത്തുമോയെന്നാണ് എല്ലവരും ഉറ്റുനോക്കുന്നത്. പതിനെട്ട് മാസത്തിനിടെ ഒറ്റ ഏകദിനത്തിൽ കളിക്കാത്ത ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനെ അവസരം നൽകാതെ ഒഴിവാക്കുന്നത് അനീതിയാണെന്ന അഭിപ്രായം ശക്തം. ഇതേസമയം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്ന ഇഷാൻ കിഷൻ പന്തിന് വെല്ലുവിളിയാവും.
സെലക്ടർമാരുടെ അനിഷ്ടം മാറിയതോടെ ഇഷാനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യതയില്ല. സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടീമിൽ തുടരും.


