അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫിന്റെ പ്രകടനമാണ് ഛത്തീസ്ഗഢിനെ തകര്‍ത്തത്.  മറുപടി ബാറ്റിംഗില്‍ കേരളത്തിന്റ മധ്യനിര തകര്‍ന്നെങ്കിലും 34.3 ഓവറില്‍ കേരളം ലക്ഷ്യം മറികടന്നു. 54 റണ്‍സ് നേടിയ വീനൂപ് ഷീല മനോഹരനാണ് ടോപ് സ്‌കോറര്‍.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) ഛത്തീസ്ഗഢിനെതിരെ (Chhattisgarh) കേരളത്തിന് അഞ്ച് വിക്കറ്റ് ജയം. രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഛത്തീസ്ഗഢ് 190 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുനീട്ടിയത്. 46.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫിന്റെ പ്രകടനമാണ് ഛത്തീസ്ഗഢിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന്റ മധ്യനിര തകര്‍ന്നെങ്കിലും 34.3 ഓവറില്‍ കേരളം ലക്ഷ്യം മറികടന്നു. 54 റണ്‍സ് നേടിയ വീനൂപ് ഷീല മനോഹരനാണ് ടോപ് സ്‌കോറര്‍. ജയത്തോടെ കേരളത്തിന് 12 പോയിന്റായി. ഉത്തരാഖണ്ഡിനെതിരായ മത്സരമാണ് ഇനി അവശേഷിക്കുന്നത്. 

ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്മില്ലാതെ 82 റണ്‍സെടുത്തിരുന്നു കേരളം. മുഹമ്മദ് അസറുദ്ദീന്‍ (45), രോഹന്‍ കുന്നുമ്മല്‍ (36) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇതേ സ്‌കോറില്‍ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹനാണ് ആദ്യം മടങ്ങിയത്. അജയ് മണ്ഡലിന്റെ പന്തില്‍ താരം ബൗള്‍ഡായി. വൈകാതെ അസറുദ്ദീനും മടങ്ങി. സഞ്ജുവാകട്ടെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായി. രണ്ട് പേരേയും സുമിത് റൂയിക്കറാണ് പറഞ്ഞയച്ചത്. സ്‌കോര്‍ 89ല്‍ നില്‍ക്കെ സച്ചിന്‍ ബേബിയും (4) മടങ്ങി. നന്നായി തുടങ്ങിയ സിജോമോനെയും അജയ് പറഞ്ഞയച്ചു. ഇതോടെ കേരളം അഞ്ചിന് 131 എന്ന നിലയിലായി. 

പിന്നാലെ വിനൂപിനൊപ്പം ഒത്തുചേര്‍ന്ന വിഷ്ണു വിനോദ് (പുറത്താവാതെ 26) കേരളത്തെ വിജയത്തിലേക്ക് നയിച്ചു. രണ്ട് വീതം സിക്‌സും ഫോറും താരം നേടി. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു വിനൂപിന്റെ ഇന്നിംഗ്‌സ്. നേരത്തെ, 98 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ മാത്രമാണ ഛത്തീസ്ഗഢ് നിരയില്‍ തിളങ്ങിയത്. ടോസ് നേടിയ ഛത്തീസ്ഗഢ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഛത്തീസ്ഗഢിന് ഹെര്‍വാഡ്ക്കറെ (0) നഷ്ടമായി. സഞ്ജീത് ദേശായി (32) അല്‍പനേരം ക്യാപ്റ്റനൊപ്പം പിടിച്ചുനിന്നു. എന്നാല്‍ നിതീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നില്‍കി. ദേശായിയെ സഞ്ജു സറ്റംപ് ചെയ്ത് പുറത്താക്കി. പിന്നീസ് സിജോമോന്റെ ഊഴമായിരുന്നു. മധ്യനിര പൂര്‍ണമായും സിജോമോന് മുന്നില്‍ കീഴടങ്ങി. 

അമന്‍ദീപ് ഖാരെ (0), ശശാങ്ക് സിംഗ് (14), ലവിന്‍ ലാന്‍ കോസ്റ്റര്‍ (0), അജയ് മണ്ഡല്‍ (0) എന്നിവര്‍ക്ക് സിജോമോന്റെ പന്തുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലായിരുന്നു. പിന്നാലെ ഹര്‍പ്രീതിനെയും മടക്കിയയച്ച് താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ മത്സരത്തില്‍ ബാറ്റുകൊണ്ടും താരം തിളങ്ങിയിരുന്നു. സുമിത് റൂയ്ക്കര്‍ (10), വീര്‍ പ്രതാഫ് സിംഗ് (13), രവി കിരണ്‍ (8) എന്നിവരും എളുപ്പത്തില്‍ കീടങ്ങിയതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. സൗരഭ് മജൂംദാര്‍ (9) പുറത്താവാതെ നിന്നു. സിജോമോന് പുറമെ ബേസില്‍ തമ്പി, നിതീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപിന് ഒരു വിക്കറ്റുണ്ട്.