തിരുവനന്തപുരം: വിജയ് ഹസാരേ ട്രോഫി ഏകദിന ടൂർണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബി നയിക്കും. വിഷ്‌ണു വിനോദാണ് വൈസ് ക്യാപ്റ്റൻ. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്. 

സഞ്ജു സാംസണ്‍, എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, ജലജ് സക്സേന, രോഹൻ എസ് കുന്നുമ്മൽ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ്, എസ് മിഥുൻ, എം ഡി നിധീഷ് തുടങ്ങിയവർ ടീമിലുണ്ട്. ബെംഗളൂരുവിലാണ് കേരളത്തിന്റെ മത്സരങ്ങൾ നടക്കുക. 

അതേസമയം വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്‍റെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്തെത്തി. സഞ്ജു സാംസണിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതാണ് തരൂരിനെ ചൊടിപ്പിച്ചത്. സഞ്ജുവിനെ നീക്കിയത് അത്ഭുതകരമെന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജു നയിച്ച കേരളം മികച്ച പ്രകടനമാണ് നടത്തിയതെന്നും ട്വീറ്റിലുണ്ട്.