പാരയാകുമോ? പേടി വേണ്ട; മഹാരാഷ്‌ട്രയുടെ കൂട്ടുകെട്ട് പൊളിച്ച് കേരളത്തിന് ബ്രേക്ക്‌ത്രൂ, നാല് വിക്കറ്റുമായി അതിശക്തമായ തിരിച്ചുവരവ് 

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ 384 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന മഹാരാഷ്‌ട്രയുടെ മിന്നല്‍ തിരിച്ചടിക്ക് മടവെച്ച് കേരളം. 139 റണ്‍സ് ചേര്‍ത്ത് മുന്നേറുകയായിരുന്ന മഹാരാഷ്‌ട്രയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ച് 21-ാം ഓവറില്‍ കേരളം മത്സരത്തിലേക്ക് തിരികെ വന്നു. 52 പന്തില്‍ 50 റണ്‍സെടുത്ത കൗശല്‍ എസ് താംബെയെ ശ്രേയാസ് ഗോപാല്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു അര്‍ധസെഞ്ചുറിക്കാരന്‍ ഓപ്പണര്‍ ഓം ഭോസലയെയും (71 പന്തില്‍ 78), ക്യാപ്റ്റന്‍ കേദാര്‍ ജാദവിനെയും (7 പന്തില്‍ 11) മടക്കി കേരളം ശക്തമായി പിടിമുറുക്കി. ഭോസലയുടെ വിക്കറ്റും ശ്രേയാസ് ഗോപാലിനാണ്. കേദാറിനെ ബേസില്‍ തമ്പിയുടെ പന്തില്‍ സഞ്ജു സാംസണ്‍ പറക്കും ക്യാച്ചില്‍ മടക്കി. 16 ബോളില്‍ 17 എടുത്ത സിദ്ധാര്‍ഥിനെ വൈശാഖ് ചന്ദ്രന്‍ വീഴ്ത്തി. 27 ഓവര്‍ പിന്നിടുമ്പോള്‍ 184-4 എന്ന സ്കോറിലാണ് മഹാരാഷ്‌ട്ര. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 എന്ന ഹിമാലയന്‍ സ്കോറിലെത്തി. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. 

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുള്ള പിച്ചില്‍ മഹാരാഷ്‌ട്രക്കെതിരെ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും കേരളത്തിനായി ഇന്നിംഗ്‌സ് തുടങ്ങിയത്. രോഹന്‍ എസ് കുന്നുമ്മല്‍ 83 പന്തിലും കൃഷ്‌ണ പ്രസാദ് 114 പന്തിലും സെഞ്ചുറിയും പൂര്‍ത്തിയാക്കി. പ്രസാദിന്‍റെ ആദ്യ ലിസ്റ്റ് എ ശതകമാണിതെങ്കില്‍ റണ്‍വഴിയിലേക്കുള്ള മടങ്ങിവരവാണ് രോഹന് ഇത്. ഇരുവരുടെയും കൂട്ടുകെട്ട് പൊളിക്കാന്‍ മഹാരാഷ്‌ട്ര ബൗളര്‍മാര്‍ക്ക് 35-ാം ഓവറിലെ ആദ്യ പന്തില്‍ മാത്രമേ സാധിച്ചുള്ളൂ. 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്ത് രോഹന്‍ കുന്നുമ്മല്‍ പുറത്താവുകയായിരുന്നു. രോഹന്‍-പ്രസാദ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 34.1 ഓവറില്‍ ചേര്‍ത്ത 218 റണ്‍സ് കേരളത്തിന് അടിത്തറയായി.

രോഹന്‍ മടങ്ങിയ ശേഷവും തകര്‍ത്തടിച്ച കൃഷ്‌ണ പ്രസാദവട്ടെ 137 പന്തില്‍ 13 ഫോറും 4 സിക്‌സോടെയും 144 റണ്‍സും പേരിലാക്കി. സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്‌ദുള്‍ ബാസിദ് (18 പന്തില്‍ 35*), സച്ചിന്‍ ബേബി (2 പന്തില്‍ 1*) എന്നിവരും തിളങ്ങിയതോടെ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 റണ്‍സ് എന്ന റെക്കോര്‍ഡ് സ്കോറിലെത്തുകയായിരുന്നു. 

Read more: കൃഷ്‌ണ പ്രസാദ്, രോഹന്‍ എസ് കുന്നുമ്മല്‍ സെഞ്ചുറി; റെക്കോര്‍ഡുകള്‍ തൂത്തുവാരി കേരള ക്രിക്കറ്റ് ടീം