ബെംഗളൂരു: വിജയ് ഹസാരേ ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ കര്‍ണാടക താരമെന്ന നേട്ടം അഭിമന്യു മിഥുന്. തമിഴ്‌നാടിനെതിരായ ഫൈനലിലാണ് മിഥുന്‍ ചരിത്രമെഴുതിയത്. വിജയ് ഹസാരേയിലും രഞ്ജി ട്രോഫിയിലും ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലുമെത്തി മിഥുന്‍.

തമിഴ്‌നാട് ഇന്നിംഗ്‌സിലെ 50-ാം ഓവറില്‍ മുരുകന്‍ അശ്വിനെ പുറത്താക്കിയാണ് ഹാട്രിക് തികച്ചത്. ഷാറൂഖ് ഖാന്‍, എം മുഹമ്മദ് എന്നിവരെ നേരത്തെ അഭിമന്യു മിഥുന്‍ പുറത്താക്കിയിരുന്നു. തമിഴ്‌നാട് 252 റണ്‍സില്‍ പുറത്തായപ്പോള്‍ മിഥുന്‍ 34 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഓവറില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്‌യെ പുറത്താക്കിയാണ് മിഥുന്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. വിജയ് ശങ്കറിനെ പുറത്താക്കിയതും മിഥുനാണ്, 

അഭിനവ് മുകുന്ദ്(85), ബാബ അപരജിത്ത്(66) എന്നിവരുടെ മൂന്നാം വിക്കറ്റിലെ 124 റണ്‍സ് കൂട്ടുകെട്ടാണ് തമിഴ്‌നാടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.