ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കര്‍ണാടകത്തോടാണ് കേരളം 60 റണ്‍സ് തോല്‍വി വഴങ്ങിയത്. ഇന്ത്യന്‍ താരം ലോകേഷ് രാഹുലിന്റെ സെഞ്ചുറി മികവില്‍ കര്‍ണാടക ഉയര്‍ത്തിയ 295 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം 46.4 ഓവറില്‍ 234 റണ്‍സിന് ഓള്‍ ഔട്ടായി.

സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോഴെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ വിനൂപ് മനോഹരന്‍ റണ്ണൗട്ടായി പുറത്തായി. വണ്‍ ഡൗണായി എത്തിയ സഞ്ജു സാംസണും ഓപ്പണര്‍ വിഷ്ണു വിനോദും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും 66 പന്തില്‍ 67  റണ്‍സെടുത്ത സഞ്ജു റണ്ണൗട്ടായതോടെ കേരളത്തിന്റെ പ്രതീക്ഷ മങ്ങി.

സെഞ്ചുറിയുമായി വിഷ്ണു വിനോദ് പോരാട്ടം തുടര്‍ന്നെങ്കിലും കാര്യമായ പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ(13), സച്ചിന്‍ ബേബി(26) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. 123 പന്തില്‍ 104 റണ്‍സെടുത്ത വിഷ്ണു വിനോദ് പുറത്തായതോടെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.

കര്‍ണാടകയ്ക്കായി റോണിത് മോറെ മൂന്നും അഭിമന്യു മിഥുന്‍ രണ്ടും വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യന്‍ താരം  കെ എല്‍ രാഹുലിന്റെ വെടിക്കെട്ട് സെഞ്ചുറിയും(122 പന്തില്‍ 131) മനീഷ് പാണ്ഡെയുടെ അര്‍ധസെഞ്ചുറിയും(50) ആണ് കര്‍ണാടകയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. കേരളത്തിനായി ബേസില്‍ തമ്പിയും കെ എം ആസിഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റെടുത്തു.