ബെംഗളൂരു: സീസണില്‍ കേരളത്തിന്‍റെ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. വിജയ് ഹസാരേ ട്രോഫി ഏകദിനത്തില്‍ കേരളം ഇന്ന് ഛത്തീസ്‌ഗഡിനെ നേരിടും. ബെംഗളൂരുവില്‍ രാവിലെ ഒന്‍പതിനാണ് മത്സരം. പുതിയ നായകന് കീഴിൽ പുതിയ പ്രതീക്ഷകളുമായി കേരളം കളിക്കുന്നത്. 

വിജയ് ഹസാരേ ട്രോഫിയിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന ഗ്രൂപ്പ് എയിലാണ് ഡേവ് വാട്‌മോറിന്‍റെ കുട്ടികള്‍. ഛത്തീസ്‌ഗഡിനും ഗോവയ്‌ക്കും പുറമേ നിലവിലെ ജേതാക്കളായ മുംബൈ, മനീഷ് പാണ്ഡെ‌യും കെഎൽ രാഹുലും അടങ്ങുന്ന കര്‍ണാടകം, അമ്പാട്ടി റായുഡു ക്യാപ്റ്റനായ ഹൈദരാബാദ്, ഹനുമ വിഹാരി നയിക്കുന്ന ആന്ധ്ര, രഞ്‌ജി ട്രോഫി ഫൈനലിസ്റ്റുകളായ സൗരാഷ്‌ട്ര, ധോണിയില്ലാത്ത ജാര്‍ഖണ്ഡ് എന്നിവയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍.

ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ വരവും സഞ്‌ജു സാംസണും സന്ദീപ് വാര്യറും അടങ്ങുന്ന ഇന്ത്യ എ താരങ്ങളുടെ സാന്നിധ്യവും കേരളത്തിന് നേട്ടമാകുമെന്ന പ്രതീക്ഷയാണ് വാട്‌മോറിന്. അടുത്ത മാസം 20ന് ക്വാര്‍ട്ടര്‍ തുടങ്ങും. ഇരുപത്തിയഞ്ചിനാണ് ഫൈനല്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയിൽ സെമിയിലെത്തിയെങ്കിലും ഏകദിന- ടി20 ഫോര്‍മാറ്റുകളില്‍ ആദ്യറൗണ്ട് കടക്കാന്‍ കേരളത്തിനായിരുന്നില്ല.