ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്‌ഗഡിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 65 റണ്‍സിന് ഛത്തീസ്‌ഗഡിനെ തകര്‍ത്താണ് കേരളം ടൂര്‍ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ കളിയില്‍ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് കേരളം ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്‌ഗഡ് 46 ഓവറില്‍ 231ന് ഓള്‍ ഔട്ടായി.

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ(6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ സഞ്ജു സാംസണും(16) വലിയ സ്കോര്‍ നേടാനായില്ല. എന്നാല്‍ 91 പന്തില്‍ 123 റണ്‍സടിച്ച വിഷ്ണു വിനോദിന്റെയും സച്ചിന്‍ ബേബി(34), ജലജ് സക്സേന(34), മുഹമ്മദ് അസ്ഹറുദ്ദീന്‍(53 പന്തില്‍ 56), അക്ഷയ് ചന്ദ്രന്‍(9 പന്തില്‍ 18 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തില്‍ കേരളം മികച്ച സ്കോര്‍ പടുത്തുയര്‍ത്തി.

മറുപടി ബാറ്റിംഗില്‍ ഛത്തീസ്‌ഗഡിനായി ജീവന്‍ജ്യോത് സിംഗ്(56), അശുതോഷ് സിംഗ്(77) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും മറ്റ് ബാറ്റ്സ്മാന്‍മാരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് വാര്യരും കെ എം ആസിഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.